Monday, November 15, 2010

നിന്നോട് ചോദിക്കുവാന്‍

ഇതു വിളക്കല്ലെന്റെ
    ഉയിരിന്‍ തെല്ലാം നാളം
ഇഷ്ടം പോല്‍ തെളിച്ചതും
   ഇത്രനാള്‍ കാത്തതും നീ

ഇവിടെ വെട്ടത്തിന്റെ
  നേര്‍ത്തൊരു കണത്തിനായ്
നിന്നു ഞാനെരിയേണം
  കല്പന നിന്റേതല്ലോ !


സൂരതേജസ്സിന്‍ മുന്നില്‍
    കേവലം താരകള്‍ പോല്‍
കൂരിരുള്‍ കയത്തിലെന്‍
    ക്ഷീണിച്ച ജീവനാളം!

മുറ്റിടും അന്ധകാരം
   മറയ്ക്കാന്‍,ഒടുക്കുവാന്‍,
ചുറ്റിലും അക്ഷയമാം
   വെളിച്ചം വിതയ്ക്കുവാന്‍

കെല്പില്ല,പക്ഷേ,എന്റെ
  ഉള്‍തടം അറിഞ്ഞു നിന്‍
കല്പന പാലിച്ചതിന്‍
  ധന്യത എല്ലാനാളും!

ക്ഷുദ്രമാം വചനങ്ങള്‍
  നിരാര്‍ദ്ര ഹൃദയങ്ങള്‍,
പുക തന്‍ ചാരം മൂടി
  കറുത്ത ദിവസങ്ങള്‍

ഒക്കെയും പിന്നിട്ടിന്നും
  നിന്‍ മുന്നിലെരിയവേ
നിന്നോട് ചോദിക്കുവാ-
 നുണ്ടെനിക്കൊന്നു മാത്രം:

എത്രനാള്‍ തെളിഞ്ഞിടു-
  മെത്രനാളിതുപോലെ
മേഘങ്ങള്‍ ഇരമ്പുന്നു,
  മഴയോ വന്നെത്തുന്നു,

മൌനമോ,മരണമോ
  പിന്നിലായ് പതുങ്ങുന്നു
എത്രനാള്‍ തെളിഞ്ഞിടും,
   എത്രനാള്‍ ഇതുപോലെ?