Friday, April 15, 2011

നിരന്തരം



കണ്ണുകള്‍ അസാധാരണമാംവിധം
വന്യമാക്കി
എന്റെ മുന്നിലിരുന്ന്
നിങ്ങള്‍ ഇങ്ങനെ
തറവാട്ടുമഹിമയും വംശാവലിയും
പറയാതിരിക്കൂ.
ഞാന്‍ തിരയുന്നത്
മനുഷ്യനെയാണ്‌.
മനുഷ്യന്‍ എവിടെ?
നിങ്ങളുടെ ഇടയില്‍ എവിടെ?
ഇപ്പോള്‍ ,എനിക്ക്
അല്പം ഏകാന്തത വേണം,
ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററില്‍
ഒറ്റയ്ക്കിരുന്ന്
ഏതെങ്കിലും ദുരന്തനാടകം കാണണം.
അല്ലെങ്കില്‍,
ഒറ്റപ്പെട്ടു നില്‍ക്കുന്ന
ഒരു മരത്തിന്റെ ചുവട്ടിലിരുന്ന്
ഏതെങ്കിലും പഴയപാട്ടിന്റെ
വരികള്‍ ഓര്‍ക്കണം.
ഒന്നു ഞാന്‍ പറയാം,
യാതൊന്നും എന്നെ വേദനിപ്പിക്കുന്നില്ല;
എങ്കിലും വേദന
എനിക്കു ചുറ്റും ഒരു കടല്‍ തീര്‍ത്തിട്ടുണ്ട്.
ഒന്നും എന്നെ നിരാശപ്പെടുത്തുന്നില്ല;
എങ്കിലും നിരാശ
എന്നിലേക്ക് ഒരു തുരങ്കം പണിഞ്ഞിട്ടുണ്ട്.
പരാജയങ്ങള്‍ക്കായി
ഞാന്‍ ആഗ്രഹിക്കാറില്ല ;
എങ്കിലും ,
സുഗമമായ ഒരു നടപ്പാതയിലൂടെ
പരാജയം എന്നിലേക്ക് വന്നുചേരുന്നുണ്ട്.
ഇങ്ങനെയെല്ലാമായിട്ടും
ഇപ്പോഴും ഞാന്‍
ജീവിതം തുടരുന്നു.
ഇതാണെന്റെ വലിയ വിസ്മയം.

Monday, April 4, 2011

മേഘത്തിന്


        
ആഷാഢമാസത്തിന്റെ-
   യാദ്യദിനത്തിലല്ല
കണ്ടതെന്നോര്‍ക്കുന്നു ഞാന്‍
   മേഘമേ നിന്നെയന്ന്,
പാലതന്‍ പുഷ്പങ്ങളാല്‍
അര്‍ച്ചന ചെയ്തില്ല ഞാന്‍
പാടവമേറും വാക്കാല്‍
  നിന്‍മനം കവര്‍ന്നില്ല
അകലെ സഖി തന്റെ
  മന്ദിരമണഞ്ഞിടാന്‍
ഗമനമാര്‍ഗമോതി
 സന്ദേശം പകര്‍ന്നില്ല
വെറുതെ നിന്നെ നോക്കി-
 യലസം നിന്നീടവേ,
നിറഞ്ഞുപോകും കണ്‍കള്‍
പതുക്കെത്തുടച്ചു ഞാന്‍
പണിപ്പെട്ടൊരു ചിരി
  നിനക്കായ് നല്‍കീടുമ്പോള്‍
എനിക്കായൊരു തുള്ളി
  വര്‍ഷിച്ചൂ  പൊടുന്നനെ.
മഴത്തുള്ളിയോ നിന്റെ
 കണ്ണീരോ പെയ്തുപോയി
അറിവീലെനിക്കെന്നാ-
  ലറിവേന്‍ ഒന്നുമാത്രം,
തപ്തമെന്‍ ഹൃദന്തത്തി-
 ലിന്നും ഞാന്‍ സൂക്ഷിക്കുന്നു
അന്നത്തെയാ നീര്‍ക്കണം
കുളിരായ് കവിതയായ്.