കാടിരമ്പുന്നുണ്ട് കാറ്റിൻ ചുഴലിയിൽ
മൺകൂന മായുന്നു,മേഘം വിറയ്ക്കുന്നു
കത്തിപ്പടരുന്ന തീയുമായ് വൃക്ഷങ്ങൾ
പൊട്ടിയ വേരോടെ,വേരിലെ മണ്ണോടെ
ഞെട്ടിത്തെറിച്ചു പറക്കുന്നു ദൂരെയാ
വാനപ്പരപ്പിലേക്കെത്തുവാനക്ഷമം.
താരങ്ങളെല്ലാം മറഞ്ഞുപോയെങ്കിലു-
മർധചന്ദ്രന്റെ വിഷാദത്തിൻ വീചികൾ
വിങ്ങലായ്ത്തീരുന്നു നീലിച്ചു,നീല തൻ
ജ്വാലാമുഖത്തെപ്പിളർക്കുന്ന പോലവെ.
തൂക്കുമരങ്ങൾക്കു കാവലിരിക്കുന്ന
കാലപ്പിശാചിന്റെ കിങ്കരവൃന്ദങ്ങ-
ളാർപ്പുവിളിക്കുന്നു,പാതിരാപ് പക്ഷിക-
ളെങ്ങും ചിറകടിച്ചാർത്തു പറക്കുന്നു.
ദുർഘടമാകും വഴികളിൽച്ചങ്ങല
വീണുവലിഞ്ഞുള്ള പാടുകൾ പിന്നിട്ടു
പ്രേതസഞ്ചാരങ്ങൾ കാൺകിലും കാണാതെ,
മിന്നലിൻ സൂചികൾ കണ്ണിൽ തറയ്ക്കാതെ,
പൂർവജന്മത്തിൻ നിഴൽത്തുണ്ടു ചാരി ഞാൻ
വാതിൽപ്പടിയിലായ് വീണുകിടക്കുമ്പോൾ
ദൂരെയല്ലൊട്ടും സ്മൃതിപഥം സുന്ദരം!
മാധ്യമം ആഴ്ചപ്പതിപ്പ് 2014 സെപ്റ്റംബർ 15