Tuesday, December 13, 2011

മഴവില്ലില്‍ ഇല്ലാത്തത്


നിറമെണ്ണി   നിറമെണ്ണി 
വളവും വടിവും നോക്കിനോക്കി 
ചരിഞ്ഞ രേഖയില്‍ 
അനന്തമായ ഉയരം കണ്ടു കണ്ട് 
ഇത് സ്വര്‍ഗമെന്ന് രസിച്ചുരസിച്ച് 
വിരിഞ്ഞ വിരിവിനെ തൊട്ടെടുത്ത് 
മഴയുടെ വില്ലെന്ന് കവിത കോര്‍ത്തു.
നിറമോരോന്നിലും നിനവു ചേര്‍ത്തു.
പിന്നെ,
പെയ്തുതീര്‍ന്ന നിറങ്ങളില്‍ 
കാലം കട്ടപിടിക്കുന്ന വിധങ്ങളോര്‍ത്ത് 
ജലശൂന്യമായ ഒരു തടാകം പോലെ 
മനസ്സെന്ന് വെറുതെ ഉപമ പറഞ്ഞു.
മരിച്ച സ്വപ്നങ്ങളുടെ 
അനാകൃതിയെ ആവിഷ്കരിക്കാന്‍ 
മണല്‍ക്കാറ്റിനായില്ല; കരിയിലകള്‍ക്കും. 
പുറപ്പെടാന്‍ ശ്രമിച്ചിട്ട്‌
പുറത്തുവരാതെ പിടഞ്ഞ വാക്കിലായിരുന്നു 
പതിനാലു ലോകങ്ങളുടെയും ചിരമായ ഭ്രമണം .
വെളുപ്പിന്റെ പല സാധ്യതകളില്‍ 
കണ്ഠനാളത്തിലെ അവസാന ശ്വാസം,
പിടയ്ക്കുന്ന ഞരമ്പിലെ മരണതാളം,
സത്യത്തിന് നിറമില്ലെന്ന സമാപനവാക്യവും.
             -മാധ്യമം ആഴ്ചപ്പതിപ്പ്  - 2011 ഡിസംബര്‍ 19  

Thursday, December 1, 2011

ആവാസം


പാര്‍പ്പു തുടങ്ങിയ കാലം മുതല്‍
ഈ വീടും മുതുകില്‍ വഹിച്ചു കൊണ്ടാണ്‌
ഞാന്‍ നടക്കുന്നത്.
അരിച്ചു കയറാന്‍ ചിലതുണ്ട് ,
ചിതല്‍, തണുപ്പ്‌, അങ്ങനെ....
അടിച്ചുവാരുംതോറും
കുന്നുകൂടാന്‍ മറ്റു ചിലത് ,
ചപ്പ്‌ , ചവറ് , അങ്ങനെ....
ലോകത്തെ എന്നും പുറത്തുനിര്‍ത്താന്‍
ഒരൊറ്റ വാതില്‍.
ചേര്‍ത്തടച്ച ജനലുകള്‍ക്കിപ്പുറം
വെള്ളം ചേരാത്ത സ്വകാര്യത ,
കള്ളമില്ലാത്ത സ്വാര്‍ഥത .
മുറികള്‍ - മുറിവുകള്‍ ,
തുന്നിച്ചേര്‍ത്താലും കൂടിച്ചേരാത്തവ .
ആകാശം - കാണാമറയത്ത് .
ഭൂമി - കൊടും വിള്ളലായി കാല്‍ച്ചുവട്ടില്‍.
എങ്കിലും കൊണ്ടുനടക്കുന്നു ;
എന്നോടുള്ള കരാറുകള്‍
എന്നും ഞാന്‍ പുതുക്കുന്നു.