Wednesday, January 19, 2011

ഓരോ മഴയും

കടലിന്റെ ദാഹം തീര്‍ക്കാന്‍
ഏതെങ്കിലും മഴയ്ക്ക് കഴിഞ്ഞിട്ടുണ്ടോ?
വേഴാമ്പലിന്റെ സങ്കടങ്ങള്‍
തീര്‍ത്തുകൊടുത്ത മഴ ഏതാണ്?
കടലിന്റെ നിരാശയായും
വേഴാമ്പലിന്റെ പ്രതീക്ഷയായും
പെയ്യുന്നത് വേറെ മഴകളാണ്.
മഴ വന്നതില്‍പ്പിന്നെ
മരച്ചില്ലകളില്‍ തിളങ്ങിയ
നക്ഷത്രങ്ങള്‍ക്കെല്ലാം
ഒരു ഒളിച്ചുവച്ച പുഞ്ചിരി
സ്വന്തമായിരുന്നു.
പച്ചയില്‍  വരച്ച പ്രണയത്തിന്
നക്ഷത്രങ്ങള്‍ കൊണ്ടലങ്കാരം.
നീയും ഞാനും ഞാനും നീയും
എന്ന വായ്ത്താരി
മഴത്താളത്തില്‍
വെറുതെ നെയ്തെടുക്കുമ്പോഴും അറിയാം,
നിന്റെ മഴയും എന്റെ മഴയും
ഒരിക്കലും ഒന്നല്ലെന്ന്,
നമ്മള്‍ ഒന്നിച്ച്
ഒരേ മഴ
ഒരിക്കലും നനഞ്ഞിട്ടില്ലെന്ന്.
സ്നേഹം കിട്ടാതെ മരിച്ചവര്‍ക്കു വേണ്ടി
സ്മാരകങ്ങള്‍ പണിയാന്‍
മഴയ്ക്കേ കഴിയൂ
ആ സ്മാരകങ്ങളിലാകട്ടെ
മഴ
ഒരിക്കലും പെയ്തു തോരുകയുമില്ല.

Wednesday, January 5, 2011

ഒരു കവിത കൂടി


ഒരു കവിത കൂടി
കുറിച്ച് വയ്ക്കുന്നു
നിറുകയിലാരോ
കരങ്ങള്‍ ചേര്‍ത്തപോല്‍
ഒരു വരി വീണ്ടും
ഉദിച്ചുയരുന്നു
ഇളകും കാറ്റുകള്‍
പതുക്കെ വന്നെന്റെ
മനസ്സ് തൊട്ടൊന്നു
തലോടിപ്പോകുന്നു.
തരളമായ് ഏറ്റം
ദയാര്‍ദ്രമായെന്റെ
തളര്‍ന്ന പ്രജ്ഞയില്‍
തണുപ്പ് നല്‍കുന്നു.
ഹരിതമാണ്,എങ്ങും,
കുളിര്‍മരങ്ങളും
നിറയെപ്പൂക്കളും
തളിര്‍ സുഗന്ധവും
തുടര്‍ന്നിടട്ടെയീ
വസന്തമാം ഋതു
ഇടവിടാതെ എന്‍
കവിതയില്‍ എന്നും!
വെറുതെ എങ്കിലും
നിറഞ്ഞു മോഹിപ്പൂ,
പകുതി രാജ്യമോ
മനസ്സാം രാജ്യത്തില്‍?
ഇരുണ്ട കാലത്തിന്‍
കരള്‍ പിളര്‍പ്പുകള്‍
ഇനിയുമെത്ര ഞാന്‍
പകുത്തു വയ്ക്കണം,
കവിതയില്‍ തെല്ല്,
കരളിലും തെല്ല്,
അതിലും തെല്ലിങ്ങു
പകച്ച വാഴ്വിലും!
വഴികള്‍ നീണ്ടതാം,
ഇരുളിയന്നതാം,
ചെറിയ കൈത്തിരി-
കവിത-നീട്ടി ഞാന്‍
നട തുടരുന്നു,
അമേയമായിടും
കനിവിനാല്‍ ഇന്നും
നട തുടരുന്നു.