Monday, July 29, 2013

പുഴകടക്കുമ്പോൾ

പുഴ കടക്കുമ്പോൾ കവിത മൂളണം
തുഴ തൻ താളത്തിൽ വിരൽ ഞൊടിക്കണം
തരളവേഗങ്ങൾ,ചലിക്കും ദൂരങ്ങൾ
ചിലുചിലെയെന്നു ചിരിക്കുമോളങ്ങൾ.
ജനനതീരവും പ്രളയതീരവും
അകന്നതായ്,മെല്ലെയടുത്തു വന്നതായ്
വെറുതെ തോന്നണം,മരങ്ങൾ നീങ്ങുമ്പോൾ,
ഇരുണ്ട പച്ചകളിലപൊഴിക്കുമ്പോൾ.
പുഴ കടക്കുമ്പോൾ കവിത മൂളണം
കവിഞ്ഞൊഴുകുന്ന കനിവായ് മാറണം
ജലത്തിൻ കമ്പികൾ പകർന്നിടും ശ്രുതി
വയലിൻ നാദത്തിൻ മുഴക്കമാകുമ്പോൾ
സ്വരപ്രവാഹത്തിൽ മുഴുകിയങ്ങനെ,
മറന്നു ഞാനെന്നിൽ മറവിയാകുമ്പോൾ
വിടർന്നുനിൽക്കുന്ന വിശുദ്ധിയിലെങ്ങും
വിചിത്രസ്വർഗങ്ങൾ തിരഞ്ഞുപോകണം.
പുഴ കടക്കുമ്പോൾ കവിത മൂളണം
തെളിഞ്ഞ നീരിന്റെ ഹൃദയമാകണം
ഉദയതാരകദ്യുതിയിലുണ്മതൻ
സ്ഫടികരശ്മികൾ തിളങ്ങിനിൽക്കുമ്പോൾ
പരക്കെ ചുറ്റിലും പ്രഭചൊരിയുന്ന
തിരി തൻ തുമ്പിലെ തെളിഞ്ഞനാളങ്ങൾ
വിരലുപൊള്ളാതെയുഴിഞ്ഞെടുക്കണം,
ഉഴിഞ്ഞെടുത്തെന്റെ ഉയിരിൽ ചേർക്കണം,
പുഴ കടക്കുമ്പോൾ കവിത മൂളണം,
കവിതയിലൊരു കടൽ നിറയണം.

-മാധ്യമം ആഴ്ച്ചപ്പതിപ്പ്,2013 ഫെബ്രുവരി 18

Saturday, July 6, 2013

ജന്മം

ഈ വഴി,ഈ വഴി
എന്ന്
മനസ്സ് വലിഞ്ഞിഴഞ്ഞ പാടുകൾ നോക്കി
എന്നെ ആരും പിന്തുടരരുത്.
ഇളകിയ വേരുകൾ
തുന്നിച്ചേർത്ത്
മുൾപ്പടർപ്പുകൾക്കിടയിൽ
ഇനിയും എന്നെ നട്ടുവയ്ക്കരുത്.
എനിക്ക് പുനർജന്മം വേണ്ട.
കഴിയുമെങ്കിൽ,
പൊട്ടിയ കണ്ണുകളുള്ള
പഴയൊരു പ്രതിമയാക്കൂ,എന്നെ.