Saturday, July 14, 2012

ഇടം-നേരം


ഈ സൂര്യകാന്തിപ്പാടങ്ങൾക്ക് മേൽ
തീക്കൊള്ളി വലിച്ചെറിഞ്ഞത്
വേനലോ,വേതാളമോ?
ഏതോ ശിശിരം
എല്ലാ പൂന്തോപ്പുകളെയും
അനാഥമാക്കിക്കഴിഞ്ഞു.
വെള്ളം മോന്താനുള്ള
തിടുക്കത്തിൽ
വേരുകൾ
ശ്വാസതടസ്സം വന്നുമരിച്ചതും
വാർന്നു വറ്റിയ
ജലകണങ്ങളെക്കുറിച്ച്
പുഴ അവസാനമായി ഓർത്തതും
ഒരേ ദിവസമായിരുന്നു.
ഋതുപ്പകർച്ചകളുടെ
വിചിത്രപേടകം
അന്ന്
അടഞ്ഞുകിടന്നിരുന്നു
- ദേശാഭിമാനി വാരിക ,2012 ജൂലൈ 15

Thursday, March 29, 2012

ഭൂമിയൊന്നാകെ


വരകളിൽ നേര് കോറി
വർണങ്ങളിൽ നെഞ്ച് കീറിയവൾക്ക്
പൂർണചന്ദ്രന്റെ ചായത്തളിക,
ഋതുക്കളുടെ വർണാഭ.
മരത്തിൽ മുന്തിരിവള്ളികളുടെ
ശില്പം മെനഞ്ഞവൾക്ക്
കാട്ടുചോലകളുടെ കിന്നാരവും
തെളിനിലാവിന്റെ ഊഞ്ഞാൽപ്പടിയും.
കവിതയിൽ വേവും വേദനയും നിറച്ചവൾക്ക്
ജലഭിത്തികളുള്ള വിശ്രമമുറിയിൽ
ഇളംകാറ്റും നറുംപാട്ടും.
മഴയുടെ കാമമറിഞ്ഞവൾക്ക്,
കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടവൾക്ക്,
വേനലിന്റെ തീയുടുപ്പണിഞ്ഞവൾക്ക്,
അസ്തമിക്കാത്ത നക്ഷത്രങ്ങളുടെ
പൂന്തോപ്പും,പുഴയോരവും.

Thursday, January 12, 2012

തെളിച്ചം


മഞ്ഞിന്റെ മിനുക്കത്തില്‍
കൂമ്പിയുറങ്ങുന്ന ഇലകള്‍
വെയില്‍ വരയ്ക്കാന്‍ പോകുന്ന
ചിത്രങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല.
ഇലപൊഴിഞ്ഞ ചില്ലകള്‍
പരപ്പുകളെക്കുറിച്ച്
വ്യസനിക്കാറേ യില്ല .
എരിഞ്ഞു തീരുന്ന കനല്‍ക്കട്ടകള്‍
അവക്ഷിപ്തങ്ങളെ മറന്നുപോകുന്നു.
നിശ്ശബ്ദത വരിഞ്ഞു മുറുക്കിയ
നിമിഷങ്ങള്‍ ഭാവാന്തരങ്ങളില്ലാതെ
തുടരുന്നു,തുടരുന്നു.
എങ്കിലും , വാക്ക് ,
ആകാശപ്പരപ്പുകളെയും
സമുദ്രത്തിന്റെ ആഴങ്ങളെയും
വരച്ചുകൊണ്ടിരിക്കുന്നു,
ഇടവിടാതെ, ഇടവിടാതെ .
      - കലാകൌമുദി ,2012  ജനുവരി 08