Thursday, September 30, 2010

ഒട്ടും ആത്മനിഷ്ഠമല്ലാത്ത വരികള്‍

പലതും ആത്മനിഷ്ഠമായിട്ടല്ലാതെ
കവിതയിലാക്കണമെന്ന്
കുറെ നാളായി വിചാരിക്കുന്നു.
ഈയിടെയായി
എലിയെറ്റ്-റില്‍ക്കെ
റില്‍ക്കെ-എലിയെറ്റ്
എന്നിങ്ങനെ മാറി മാറി വായിക്കുന്നുമുണ്ട്‌.
ഭൂതകാലത്തിലെ ചില സംഭവങ്ങളെ
ആത്മാംശം കൂടാതെ രേഖപ്പെടുത്താന്‍ ശ്രമിച്ചു,
പരാജയപ്പെട്ടു.
വര്‍ത്തമാനകാലമല്ലേ,
വസ്തുനിഷ്ഠതയ്ക്ക്
കൂടുതല്‍ സാധ്യതയില്ലേ,
എന്നെല്ലാം കരുതി
ചിലത് എഴുതി നോക്കി,
പക്ഷേ,തൃപ്തിയായില്ല.
കുറെ ബാഹ്യ സൂചനകളും
ചുറ്റുപാടുകളില്‍ നിന്നുള്ള വേര്‍പ്പെടലും
ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌
ഭാവിയിലേക്ക് ആത്മപരത കൂടാതെ സഞ്ചരിച്ചാലോ
എന്നായി അടുത്ത ചിന്ത,അതും ഫലവത്തായില്ല.
എഴുതിയതിലല്ല,
എഴുതാത്തതിലാണ്
ഞാനുള്ളത്,
എന്റെ ജീവിതമുള്ളത്
എന്നത് മാത്രമാണ്
ഇപ്പോഴത്തെ
ഒരേ ഒരു സമാധാനം.

Tuesday, September 21, 2010

അപനിര്‍മ്മാണം

ചരിത്രപാഠം രക്തസാക്ഷികളെയും
സമരപാഠം വിപ്ലവകാരികളെയും
മായ്ച്ചുകളഞ്ഞപ്പോള്‍
ആമയുടെയും മുയലിന്റെയും കഥ
കാലഘട്ടത്തിനു ചേരുംവിധം
മാറ്റിവായിക്കണമെന്ന്
നവചരിത്രവാദി
സിദ്ധാന്തിച്ചു.

Wednesday, September 8, 2010

തനിച്ച്‌


ഏകാന്തത ഒരു വരമാണ് ;
മൗനം അമൂല്യമായ ഒരു നിധിയും.
വൃക്ഷങ്ങളുടെ ഏകാന്തതയെക്കുറിച്ച്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പരശ്ശതം ഇലകള്‍
അവ്യക്തമായി
മന്ത്രണം ചെയ്തുകൊണ്ടിരിക്കുമ്പോഴും
വൃക്ഷഹൃദയത്തില്‍ ഘനീഭവിക്കുന്ന
മൗനം
എനിക്ക് തൊട്ടറിയാവുന്നത്ര വ്യക്തമാണ്.