Wednesday, February 16, 2011

പാതാളം


പുറത്താരോ പതുങ്ങുന്നു
ഇരുള്‍ മെല്ലെയനങ്ങുന്നു
തുറന്നിട്ട ജനല്‍പ്പാതി-
പ്പഴുതിലൂടരൂപമായ് 
ചലിക്കുമാ നിഴല്‍ കാണാം,
ചിതറും പോലിടയ്ക്കിടെ.
അകത്തു ഞാന്‍ തനിച്ചാണ്,
അകക്കാമ്പില്‍ ഭയമാണ്.
കിടുകിടെ വിറച്ചു ഞാന്‍ 
ഇടരിനാല്‍ തളരുന്നു.
തുടിക്കുന്ന ചങ്കിലാരോ 
കൊടും ഭേരി മുഴക്കുന്നു
ദഹിപ്പിക്കും തണുപ്പിനാല്‍
ദേഹമെല്ലാം മരയ്ക്കുന്നു
ദാഹനീരു തിരഞ്ഞെന്റെ
പ്രാണനാളം പിടയുന്നു
ഉറക്കെയായ് വിളിക്കുവാന്‍
ശ്രമിക്കുമ്പോള്‍,തൊണ്ട തന്നില്‍
നീരുവറ്റും നിലവിളികള്‍ 
നിസ്സഹായം അമരുന്നു
ദൈവനാമം മനസ്സിലായ്‌
പലവുരു ജപിക്കുന്നു
രക്ഷയെങ്ങ്,രക്ഷയെങ്ങ്,
ജപത്തിലോ,തപത്തിലോ?
പാതാളം പടവു തീര്‍ക്കും 
പാതിരാവും ഒടുങ്ങാനായ്
പുറത്തൊരാള്‍ ,അകത്തു ഞാന്‍ 
നിലയിന്നും തുടരുന്നു.

Wednesday, February 2, 2011

ധൂര്‍ത്ത്


സ്വപ്നശതങ്ങള്‍ തൂങ്ങിമരിച്ച
മരക്കൊമ്പുകള്‍ക്ക്
ഇന്നും യൌവനമാണ്
ചിന്തകള്‍ കുഴിച്ചുമൂടിയ
മണ്ണില്‍ വളര്‍ന്നു പടര്‍ന്ന
ചെടികള്‍
നിറയെ പൂവണിഞ്ഞിരിക്കുന്നു.
നെറ്റിയില്‍ തറച്ച ആണിയുമായി
ഭ്രാന്ത്,അതിന്റെ
ദേശാടനം തുടരുന്നു.
വേദനകളില്ല.
ധര്‍മ്മം ഇല്ല;അതിനാല്‍ ധാര്‍മ്മികരോഷവും.
അളന്നും മുറിച്ചും
അവരവരെ ഭുജിച്ചും
അവരവരില്‍ ജീവിക്കുന്നു.
ലോകത്തോളം വലുതായ
ഒരു കണ്ണാടിയില്‍
സ്വന്തം രൂപം മാത്രം പ്രതിഫലിച്ച്
കാണുന്നതായി സങ്കല്പിച്ച്
സായുജ്യമടയുന്നു
ഇനി,വീണ്ടെടുപ്പുകളില്ല.
ഒരു വെള്ളപ്പൊക്കത്തിന്റെ
വക്കിലിരുന്നും
മുഖം മിനുക്കുന്നതെങ്ങനെ
എന്നു പഠിക്കുക,അത്ര മാത്രം!