Sunday, August 29, 2010

മറയും മുന്‍പ്

കരിഞ്ഞ ഇലകളില്‍
വെളിച്ചത്തുണ്ടുകള്‍
നൃത്തം വച്ചില്ല
വിണ്ടു പിളര്‍ന്ന മണ്ണില്‍നിന്ന്
ഒരു സംഗീതവും ഉയര്‍ന്നില്ല
കെട്ടുപോയ നക്ഷത്രം
തന്റെ നേരിയ ഓര്‍മ പോലും
ആരിലും അവശേഷിപ്പിച്ചില്ല.
എന്നിട്ടും വേഴാമ്പല്‍ പറഞ്ഞു,
'മഴ പെയ്യും ഇന്ന്'.
                    

Friday, August 20, 2010

ഭിന്നം

മുകളിലൊന്ന്,താഴെ മറ്റൊന്ന്
നടുക്കൊരു വര
ഈ ഭിന്നസംഖ്യ കാണാനൊരു
ഭംഗി ഒക്കെയുണ്ട്;
കരവിരുതിന്റെയും
കൊത്തുവേലയുടെയും
മെച്ചം ഒന്നുമില്ലെങ്കിലും
വെറും മുറിച്ചുവയ്ക്കലായാലും
ന്യൂനം,അധികം,
തരം,ത്മം-എവിടെ
എങ്ങനെ രേഖപ്പെടുത്തും
എന്നതൊരു പ്രശ്നമേ അല്ല.
അഥവാ,ഒന്നും തന്നെ
രേഖപ്പെടുത്തുന്നില്ല
എന്നിരിക്കട്ടെ
അതുകൊണ്ടും ദോഷമില്ല,
വെറുതെ മുറിച്ചുകൊണ്ടിരുന്നാല്‍ മതി.
പക്ഷേ വരകള്‍ കൊണ്ട്
വേര്‍തിരിക്കണം,
മേലെ ആണെങ്കിലും ഉയരാതെ
താഴെ എന്ന് വന്നാലും താഴാതെ,
വകഞ്ഞു മാറ്റാന്‍ മാത്രം
വഴിതിരിയണം.

Sunday, August 15, 2010

അഭാവം










വാക്കുകള്‍,
അവയുടെ കേവലങ്ങളായ
ഉടലുകള്‍ ഉപേക്ഷിച്ച്
ഉയിരുകള്‍ മാത്രമായിത്തീരുന്നതിനെപ്പറ്റി
ഞാന്‍ അറിഞ്ഞിരുന്നില്ല,
നിന്നെ അറിയുന്നതുവരെ .
പ്രാണന്റെ പരകോടിയോളം
തറഞ്ഞു കയറുന്ന അമ്പിന്റെ ക്രൌര്യം
ഞാന്‍ അറിഞ്ഞിരുന്നില്ല,
നിന്നെ അറിയുന്നതുവരെ.
ലോകം ഇത്ര വലുതും
ഇത്രത്തോളം ചെറുതും
ആണെന്ന് അറിയിച്ചതും
ഓരോ പ്രഭാതത്തിനും
ഓരോ പ്രതീക്ഷയുണ്ടെന്നു
അറിയിച്ചതും
നീയല്ലാതെ മറ്റാരുമല്ല.
ഇളം വയലറ്റ് നിറത്തിലുള്ള
പൂക്കള്‍ നിറഞ്ഞു കവിഞ്ഞ
ഒരു താഴ്വരയില്‍
കാമുകന്റെ ചുമല്‍ ചാരി,
അവന്‍ വയലിന്‍ വായിക്കുന്നത്
കേട്ടിരിക്കുന്ന പെണ്‍കൊടിയെ
ഭാവനയിലൂടെ പകര്‍ന്നു തന്നതും
നീ മാത്രം.
ഇനി നീ അറിവാക്കിത്തരൂ
എനിക്ക് എന്നെ .

Friday, August 13, 2010

തുടര്‍ച്ച

കാലത്തിന്‍റെ നിശ്ചലതയില്‍
സമയസൂചികള്‍ നഷ്ടപ്പെട്ടവള്‍ ഞാന്‍
എന്‍റെ കാലം
ഇവിടെ ഇങ്ങനെ
തളംകെട്ടിക്കിടക്കുന്നു
ഇത് മുന്നോട്ടു ചലിക്കില്ല;
പിന്നോട്ടും

ഒരു ബിന്ദുവില്‍
സമസ്തവും അര്‍പ്പിച്ച്
അനന്തകോടി നക്ഷത്രകാലം സഞ്ചയിച്ച്
ഉരുകാത്ത ഒരു മഞ്ഞുകട്ട പോലെയും
പൊഴിയാത്ത ഒരു ഇല പോലെയും
നിലച്ചുപോകാത്ത
ഒരു സ്വരകണം പോലെയും
എന്നെ പ്രലോഭനങ്ങളില്‍ ആഴ്ത്തുക
മാത്രം ചെയ്യുന്നു,

ഞാനോ,
വാക്കില്‍  തളയുന്നു.