Monday, December 13, 2010

ആര്‍ദ്രം

ഓര്‍മകള്‍ക്കപ്പുറം 
അലസമായി പാറുന്ന 
ഒരു ജാലകവിരി 
ഇളം മഞ്ഞു പുരണ്ടിട്ടും
തെളിഞ്ഞു മിന്നുന്ന
ഒരു നക്ഷത്രം
നിത്യമായ ഒരു 
സന്ദേശമായി സ്നേഹം
അലങ്കൃതമായ 
ഒരു മരച്ചില്ല
അരുമയായ
ഒരു പുല്‍ക്കൂട്‌
പിറക്കാനിരിക്കുന്ന
ഓര്‍മകളുടെ 
ഒരേ ഒരു മനസ്സ് 
കാലത്തിന്റെ 
അറ്റുപോകാത്ത ഓര്‍മക്കൊളുത്ത്
തൂവല്‍ത്തുന്പിലെ 
വാക്കിന്‍ തുടര്‍ച്ച
എങ്കിലും ഡിസംബര്‍,
തീര്‍ന്നില്ല,തുടങ്ങിയുമില്ല
എന്ന മട്ടില്‍
അലിവാര്‍ന്ന പ്രലോഭനങ്ങളോടെ 
എന്റെ ഹൃദയത്തുടിപ്പുകളെ 
നിന്‍ പദതാളമാക്കി 
മാറ്റുന്നതെന്തിനായി?
  

Friday, December 3, 2010

ഇനിയും

കീ ബോര്‍ഡില്‍
താളം തുള്ളുന്ന
നിന്റെ വിരലുകളായിരുന്നു,
ഇന്നലെ സ്വപ്നത്തില്‍ .
അവയുടെ സൂക്ഷ്മത
ഇപ്പോഴും ഞാന്‍
കരുതി,കാത്തുവച്ചിരിക്കുകയാണ്.
പക്ഷേ,കുറച്ചുകാലമായി
ഒരു സന്ദേശവും നീ അയയ്ക്കുന്നില്ല;
അതുപോലെ ഞാനും.
ഫേസ് ബുക്കില്‍
പണ്ടെന്നോ നീ പങ്കിട്ട
ഒരു ദൃശ്യത്തോടുള്ള
ഇഷ്ടം രേഖപ്പെടുത്തണമെന്ന്
അന്ന് വിചാരിച്ചിരുന്നു.
പക്ഷേ,വേണ്ടെന്നു വച്ചു.
ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല.
കാലം പുറന്തള്ളിയ
വാക്കുകള്‍ പോലെ,
കാണാപ്പുറങ്ങളിലെ കവിത പോലെ,
വിസ്മയം വിടര്‍ത്തുന്ന
ഒരു സന്ദേശം
ഇന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ആ സന്ദേശത്തിന്റെ തണലില്‍
അവിരാമം വിശ്രമിക്കുമ്പോള്‍
തണുപ്പുള്ള,തിളങ്ങുന്ന
ഒരു മേഘവും
എനിക്കരികില്‍ കാണും.

Monday, November 15, 2010

നിന്നോട് ചോദിക്കുവാന്‍

ഇതു വിളക്കല്ലെന്റെ
    ഉയിരിന്‍ തെല്ലാം നാളം
ഇഷ്ടം പോല്‍ തെളിച്ചതും
   ഇത്രനാള്‍ കാത്തതും നീ

ഇവിടെ വെട്ടത്തിന്റെ
  നേര്‍ത്തൊരു കണത്തിനായ്
നിന്നു ഞാനെരിയേണം
  കല്പന നിന്റേതല്ലോ !


സൂരതേജസ്സിന്‍ മുന്നില്‍
    കേവലം താരകള്‍ പോല്‍
കൂരിരുള്‍ കയത്തിലെന്‍
    ക്ഷീണിച്ച ജീവനാളം!

മുറ്റിടും അന്ധകാരം
   മറയ്ക്കാന്‍,ഒടുക്കുവാന്‍,
ചുറ്റിലും അക്ഷയമാം
   വെളിച്ചം വിതയ്ക്കുവാന്‍

കെല്പില്ല,പക്ഷേ,എന്റെ
  ഉള്‍തടം അറിഞ്ഞു നിന്‍
കല്പന പാലിച്ചതിന്‍
  ധന്യത എല്ലാനാളും!

ക്ഷുദ്രമാം വചനങ്ങള്‍
  നിരാര്‍ദ്ര ഹൃദയങ്ങള്‍,
പുക തന്‍ ചാരം മൂടി
  കറുത്ത ദിവസങ്ങള്‍

ഒക്കെയും പിന്നിട്ടിന്നും
  നിന്‍ മുന്നിലെരിയവേ
നിന്നോട് ചോദിക്കുവാ-
 നുണ്ടെനിക്കൊന്നു മാത്രം:

എത്രനാള്‍ തെളിഞ്ഞിടു-
  മെത്രനാളിതുപോലെ
മേഘങ്ങള്‍ ഇരമ്പുന്നു,
  മഴയോ വന്നെത്തുന്നു,

മൌനമോ,മരണമോ
  പിന്നിലായ് പതുങ്ങുന്നു
എത്രനാള്‍ തെളിഞ്ഞിടും,
   എത്രനാള്‍ ഇതുപോലെ?

Tuesday, October 26, 2010

മരത്തില്‍ കാണണം

മാനത്തും മണ്ണിലും
കാണുന്നതൊക്കെ
മരത്തില്‍ കാണാന്‍
എങ്ങനെയോ
പഠിച്ചതാണ്.
നോക്കിയിരിക്കവേ,
ആകാശത്തേക്ക് വിടര്‍ന്ന
ജടകള്‍,
ഭൂമിക്ക് സമര്‍പ്പിച്ച നോട്ടം,
പ്രഭ വിടര്‍ത്തിയ നടരാജരൂപം-ശിവം,സനാതനം.
ഏതോ നാടോടിയുടെ ദു:ഖം
കനം തിങ്ങിയ വേരുകളില്‍
മൃഗതൃഷ്ണകള്‍ ആഴത്തിലേക്ക്
പടരുമ്പോള്‍,
വന്യമായ ഇരുട്ടിലും ഈര്‍പ്പത്തിലും
ചില പൂര്‍വലോകസ്മരണകള്‍,
ആദ്യകിരണത്തിന്റെ
തളിര്‍പ്പും തിണര്‍പ്പും,
ഇളകുന്ന കാറ്റിനോട്
ആദ്യം പങ്കിട്ട സ്വകാര്യം,
പരന്നുപൊങ്ങുന്ന
ജലവിതാനത്തില്‍
ഉടലിന്റെ നേര്‍ത്ത വിറയല്‍.
മണ്ണിന്റെ മൌനം
ചില്ലകളില്‍ തളിര്‍ത്തു,
തളിരുകള്‍ക്ക് നാവ് മുളച്ചു,
ഇത്ര നാള്‍ മിണ്ടിയതില്ലെന്ന ഖേദം
അതോടെ തീര്‍ന്നു.
നക്ഷത്രങ്ങളെ ലക്ഷ്യമാക്കി
പറക്കാന്‍ വെമ്പുന്ന
മാലാഖമാരെപ്പോലെ പൂക്കള്‍,
അവര്‍ അഷ്ട ദിക്കുകളെ പ്രണമിച്ചു.
കല്പാന്തത്തില്‍,പക്ഷേ,
വേരും വിത്തും പൂവും ചില്ലയും മറഞ്ഞു.
ചുറ്റും പ്രളയ ജലത്തിന്റെ
ഒടുങ്ങാത്ത വായ്ത്താരി,
നടുവില്‍ ഒരില മാത്രം.
എന്നാല്‍ രക്ഷകന്‍ എവിടെ?
ഇല തല്പമാക്കി
കാല്‍വിരല്‍ നുകര്‍ന്ന് കിടന്ന്‍
ഒടുങ്ങാത്ത അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍
ഇനിയും എത്തിച്ചേരാത്തതെന്ത്?

Wednesday, October 13, 2010

വരയില്‍ തീരുന്നത്

പല നിലകളിലായി
ഭയം
അതിന്‌ മകുടം ചാര്‍ത്തി
ഏറ്റവും മുകളില്‍
ഉത്കണ്o
ഇങ്ങനെ വരയ്ക്കാം
എന്റെ വീട്.
വാസ്തു വേറിട്ടതാണ്,
ഈശാനകോണില്‍
ശൂന്യത.
അഗ്നികോണില്‍
ഏകാന്തത.
വായുകോണില്‍
വീര്‍പ്പുമുട്ടല്‍ .
നിര്യതികോണില്‍
സങ്കടങ്ങള്‍ !
ഇതൊക്കെ
ഞാന്‍ രേഖപ്പെടുത്തിയില്ലെങ്കിലും
സ്വയം തെളിഞ്ഞുനില്‍ക്കും.
ഏറ്റവും നടുവില്‍ ,
പ്രതിമയായിട്ടോ,ചിത്രമായിട്ടോ,
ശിഥിലസ്വത്വത്തിന്റെ
പരിപൂര്‍ണമായ ഒരാവിഷ്കാരം വേണം.
വേണമെങ്കില്‍
മുന്‍വിധികള്‍ കൊണ്ട്‌
അതിരുകള്‍ വരയ്ക്കാം.
മുന്നില്‍ , ഒരു വശത്തായി
അതിക്രമിച്ചുകടക്കരുത്
എന്നൊരു ബോര്‍ഡ്
സ്ഥാപിക്കുന്നതായി
സങ്കല്പിക്കുകയും ചെയ്യാം.
പക്ഷേ,എന്നാണ്‌
ഇതൊന്നു പണിതീര്‍ന്നുകിട്ടുന്നത്?

Thursday, September 30, 2010

ഒട്ടും ആത്മനിഷ്ഠമല്ലാത്ത വരികള്‍

പലതും ആത്മനിഷ്ഠമായിട്ടല്ലാതെ
കവിതയിലാക്കണമെന്ന്
കുറെ നാളായി വിചാരിക്കുന്നു.
ഈയിടെയായി
എലിയെറ്റ്-റില്‍ക്കെ
റില്‍ക്കെ-എലിയെറ്റ്
എന്നിങ്ങനെ മാറി മാറി വായിക്കുന്നുമുണ്ട്‌.
ഭൂതകാലത്തിലെ ചില സംഭവങ്ങളെ
ആത്മാംശം കൂടാതെ രേഖപ്പെടുത്താന്‍ ശ്രമിച്ചു,
പരാജയപ്പെട്ടു.
വര്‍ത്തമാനകാലമല്ലേ,
വസ്തുനിഷ്ഠതയ്ക്ക്
കൂടുതല്‍ സാധ്യതയില്ലേ,
എന്നെല്ലാം കരുതി
ചിലത് എഴുതി നോക്കി,
പക്ഷേ,തൃപ്തിയായില്ല.
കുറെ ബാഹ്യ സൂചനകളും
ചുറ്റുപാടുകളില്‍ നിന്നുള്ള വേര്‍പ്പെടലും
ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌
ഭാവിയിലേക്ക് ആത്മപരത കൂടാതെ സഞ്ചരിച്ചാലോ
എന്നായി അടുത്ത ചിന്ത,അതും ഫലവത്തായില്ല.
എഴുതിയതിലല്ല,
എഴുതാത്തതിലാണ്
ഞാനുള്ളത്,
എന്റെ ജീവിതമുള്ളത്
എന്നത് മാത്രമാണ്
ഇപ്പോഴത്തെ
ഒരേ ഒരു സമാധാനം.

Tuesday, September 21, 2010

അപനിര്‍മ്മാണം

ചരിത്രപാഠം രക്തസാക്ഷികളെയും
സമരപാഠം വിപ്ലവകാരികളെയും
മായ്ച്ചുകളഞ്ഞപ്പോള്‍
ആമയുടെയും മുയലിന്റെയും കഥ
കാലഘട്ടത്തിനു ചേരുംവിധം
മാറ്റിവായിക്കണമെന്ന്
നവചരിത്രവാദി
സിദ്ധാന്തിച്ചു.

Wednesday, September 8, 2010

തനിച്ച്‌


ഏകാന്തത ഒരു വരമാണ് ;
മൗനം അമൂല്യമായ ഒരു നിധിയും.
വൃക്ഷങ്ങളുടെ ഏകാന്തതയെക്കുറിച്ച്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പരശ്ശതം ഇലകള്‍
അവ്യക്തമായി
മന്ത്രണം ചെയ്തുകൊണ്ടിരിക്കുമ്പോഴും
വൃക്ഷഹൃദയത്തില്‍ ഘനീഭവിക്കുന്ന
മൗനം
എനിക്ക് തൊട്ടറിയാവുന്നത്ര വ്യക്തമാണ്.

Sunday, August 29, 2010

മറയും മുന്‍പ്

കരിഞ്ഞ ഇലകളില്‍
വെളിച്ചത്തുണ്ടുകള്‍
നൃത്തം വച്ചില്ല
വിണ്ടു പിളര്‍ന്ന മണ്ണില്‍നിന്ന്
ഒരു സംഗീതവും ഉയര്‍ന്നില്ല
കെട്ടുപോയ നക്ഷത്രം
തന്റെ നേരിയ ഓര്‍മ പോലും
ആരിലും അവശേഷിപ്പിച്ചില്ല.
എന്നിട്ടും വേഴാമ്പല്‍ പറഞ്ഞു,
'മഴ പെയ്യും ഇന്ന്'.
                    

Friday, August 20, 2010

ഭിന്നം

മുകളിലൊന്ന്,താഴെ മറ്റൊന്ന്
നടുക്കൊരു വര
ഈ ഭിന്നസംഖ്യ കാണാനൊരു
ഭംഗി ഒക്കെയുണ്ട്;
കരവിരുതിന്റെയും
കൊത്തുവേലയുടെയും
മെച്ചം ഒന്നുമില്ലെങ്കിലും
വെറും മുറിച്ചുവയ്ക്കലായാലും
ന്യൂനം,അധികം,
തരം,ത്മം-എവിടെ
എങ്ങനെ രേഖപ്പെടുത്തും
എന്നതൊരു പ്രശ്നമേ അല്ല.
അഥവാ,ഒന്നും തന്നെ
രേഖപ്പെടുത്തുന്നില്ല
എന്നിരിക്കട്ടെ
അതുകൊണ്ടും ദോഷമില്ല,
വെറുതെ മുറിച്ചുകൊണ്ടിരുന്നാല്‍ മതി.
പക്ഷേ വരകള്‍ കൊണ്ട്
വേര്‍തിരിക്കണം,
മേലെ ആണെങ്കിലും ഉയരാതെ
താഴെ എന്ന് വന്നാലും താഴാതെ,
വകഞ്ഞു മാറ്റാന്‍ മാത്രം
വഴിതിരിയണം.

Sunday, August 15, 2010

അഭാവം


വാക്കുകള്‍,
അവയുടെ കേവലങ്ങളായ
ഉടലുകള്‍ ഉപേക്ഷിച്ച്
ഉയിരുകള്‍ മാത്രമായിത്തീരുന്നതിനെപ്പറ്റി
ഞാന്‍ അറിഞ്ഞിരുന്നില്ല,
നിന്നെ അറിയുന്നതുവരെ .
പ്രാണന്റെ പരകോടിയോളം
തറഞ്ഞു കയറുന്ന അമ്പിന്റെ ക്രൌര്യം
ഞാന്‍ അറിഞ്ഞിരുന്നില്ല,
നിന്നെ അറിയുന്നതുവരെ.
ലോകം ഇത്ര വലുതും
ഇത്രത്തോളം ചെറുതും
ആണെന്ന് അറിയിച്ചതും
ഓരോ പ്രഭാതത്തിനും
ഓരോ പ്രതീക്ഷയുണ്ടെന്നു
അറിയിച്ചതും
നീയല്ലാതെ മറ്റാരുമല്ല.
ഇളം വയലറ്റ് നിറത്തിലുള്ള
പൂക്കള്‍ നിറഞ്ഞു കവിഞ്ഞ
ഒരു താഴ്വരയില്‍
കാമുകന്റെ ചുമല്‍ ചാരി,
അവന്‍ വയലിന്‍ വായിക്കുന്നത്
കേട്ടിരിക്കുന്ന പെണ്‍കൊടിയെ
ഭാവനയിലൂടെ പകര്‍ന്നു തന്നതും
നീ മാത്രം.
ഇനി നീ അറിവാക്കിത്തരൂ
എനിക്ക് എന്നെ .

Friday, August 13, 2010

തുടര്‍ച്ച

കാലത്തിന്‍റെ നിശ്ചലതയില്‍
സമയസൂചികള്‍ നഷ്ടപ്പെട്ടവള്‍ ഞാന്‍
എന്‍റെ കാലം
ഇവിടെ ഇങ്ങനെ
തളംകെട്ടിക്കിടക്കുന്നു
ഇത് മുന്നോട്ടു ചലിക്കില്ല;
പിന്നോട്ടും

ഒരു ബിന്ദുവില്‍
സമസ്തവും അര്‍പ്പിച്ച്
അനന്തകോടി നക്ഷത്രകാലം സഞ്ചയിച്ച്
ഉരുകാത്ത ഒരു മഞ്ഞുകട്ട പോലെയും
പൊഴിയാത്ത ഒരു ഇല പോലെയും
നിലച്ചുപോകാത്ത
ഒരു സ്വരകണം പോലെയും
എന്നെ പ്രലോഭനങ്ങളില്‍ ആഴ്ത്തുക
മാത്രം ചെയ്യുന്നു,

ഞാനോ,
വാക്കില്‍  തളയുന്നു.

Saturday, July 31, 2010

പറന്ന്


പക്ഷിയുടെ സ്വാതന്ത്ര്യം വേണമെനിക്ക് 
പക്ഷേ ചിറകുകളുടെ 
ഭാരം എനിക്കിഷ്ടമല്ല 
കാറ്റു പറത്തി,പറത്തി കൊണ്ടുപോകുന്ന 
ഒരു തൂവലായാല്‍ എത്ര നല്ലത് .

Thursday, July 29, 2010

ശിഷ്ടം


പുല്ലു പടര്‍ന്നും കരിയില വീണും
മിക്കവാറും മറഞ്ഞു പോയ
ഒരു നാട്ടുവഴി

പകല്‍വെളിച്ചം മാഞ്ഞു തുടങ്ങുമ്പോള്‍
ഒരിക്കലും
നിശ്ചിതാകൃതിയില്‍ തെളിയുന്നില്ലെങ്കിലും
സദാ ചലിച്ചുകൊണ്ടിരിക്കുന്ന
ഏതോ നിഴലുകള്‍
ജന്മവാസനയാലെന്ന പോലെ
ഉള്‍വലിഞ്ഞു നില്‍ക്കുന്ന മരക്കൂട്ടം

ഇതെല്ലാം
ഭൂതകാലത്തിലെ
ഒഴുകി നടക്കുന്ന ചില ദൃശ്യങ്ങള്‍

തളികയില്‍  ഉറഞ്ഞു കൂടിയ
ചായങ്ങളില്‍
വര്‍ത്തമാനകാലം
സ്വന്തം നിശ്ചലത സാക്ഷ്യപ്പെടുത്തുന്നു.

ഭാവി ഒരിക്കലും എത്തിച്ചേരാനാകാത്ത
ഒരു വന്‍കര.
ഭയവും ഉത്കണ്ഠയും
ഒന്നിനും പരിഹാരമാകുന്നില്ല

എങ്കിലും ഞാന്‍ ഭയപ്പെടുന്നു
ശ്വാസംമുട്ടും വിധം ഉത്കണ്ഠപ്പെടുന്നു,
കലണ്ടറും വാച്ചും ഇല്ലാതാകുന്ന
ഒരു ദിവസത്തെ
എന്നും സ്വപ്നം കാണുന്നു.

തിരസ്കൃതം


നിറങ്ങള്‍ ചാലിച്ച ഓര്‍മകള്‍
പെയ്തു തീരുമ്പോള്‍ ,
ജലശൂന്യമായ ഒരു തടാകം പോലെ
ഒഴിഞ്ഞു കിടക്കുന്ന മനസ്സ്
മരിച്ച സ്വപ്നങ്ങള്‍ക്കു മീതെ
മണല്‍ക്കാറ്റും കരിയിലയും
പുറപ്പെടാന്‍ ശ്രമിച്ചിട്ട്
പുറത്തുവരാതെ പിടയുന്ന വാക്ക്.
കണ്ഠനാളത്തില്‍ ഒടുവിലത്തെ ശ്വാസം.
പിടയുന്ന ഞരമ്പില്‍ മരണതാളം.
അനന്തരം
അനാദിയായ വെളുപ്പ്.