Wednesday, June 22, 2011

വൃത്തം - വൃത്താന്തം


ഒരു ബിന്ദുവില്‍ തുടക്കം
അതിലാകും ഒടുക്കം
ഒരു വൃത്തമങ്ങനെ തീരും.
വഴിയില്‍ നിവര്‍ച്ച വേണ്ട ;
വളവില്‍ വേണം
ശ്രദ്ധയെല്ലാം.
പത്തിലൊന്ന്
എന്ന കണക്കിലായാല്‍പ്പോലും
ഇല്ല, പകരാനായിട്ടില്ല,ഇതേവരെ ,
അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍.
ഇലകളറ്റ മരം പോലെ ഈ വൃത്തവും.
എങ്കിലും,
വരയ്ക്കാതെ വയ്യ,
മൈതാനവിസ്തൃതി സ്വപ്നംകണ്ടുകിടക്കുന്ന
ഇടുങ്ങിയ വഴികളിലൂടെ
ഒത്തുതീര്‍പ്പുകളുടെ കടന്നല്‍ക്കുത്തേറ്റ്
ഞൊണ്ടിനീങ്ങാതെ വയ്യ.

Thursday, June 9, 2011

വിഘടനം


പ്രചണ്ഡമായ ശബ്ദങ്ങള്‍
അഴിച്ചുവിട്ട്‌
എനിക്കു നേരെ
നീ പടുത്തുകെട്ടിയ
സംഹാരത്തിന്റെ കോട്ടകള്‍
എണ്ണിയാല്‍ തീരുകയില്ല.

സംഗ്രാമങ്ങളുടെ ശൈത്യവും
ഗ്രീഷ്മവും നിന്നില്‍ നിന്നാണ്
പിറവിയെടുത്തിരിക്കുന്നത്.
തൊഴുകൈ,പൊത്തിയ വായ,
വളഞ്ഞ നട്ടെല്ല്,കുനിഞ്ഞ തല
ഇവയുമായി ഞാന്‍ നില്‍ക്കുകയോ,
നിലത്തിഴയുകയോ?
അഥവാ, നിനക്കു ചവിട്ടാന്‍ പാകത്തില്‍
പണ്ടാരോ തീര്‍ത്തതെന്ന്
എന്റെ ജന്മം
സ്വയം ഒരു സാദൃശ്യകല്പന
നെയ്തെടുക്കുകയോ?

ചില സാദൃശ്യങ്ങള്‍ക്കുള്ളില്‍
വ്യത്യാസങ്ങളും കാണും.
അവ, പക്ഷേ, എല്ലാവരും
കണ്ടെന്നു വരില്ല.
അതുകൊണ്ട്,
ഭൂമി പിളരാനും,
പിളര്‍പ്പിലേക്ക് വീണു മറയാനും
ആഗ്രഹിക്കാറുണ്ടെങ്കിലും
ഒരിക്കലും ഞാന്‍ സീതയല്ല.
രാമന്‍ എന്നെങ്കിലും വരും
എന്നോര്‍ത്ത്
രാവണന്റെ അധികാരപരിധിയിലിരുന്ന്
കണ്ണീര്‍ വാര്‍ക്കാന്‍
ആര്‍ക്കാണ് കഴിയുക?

രാമന്‍,രാവണന്‍ -ആരും മെച്ചമൊന്നുമല്ല.
'രാ' യില്‍ തുടങ്ങി 'ന്‍' ല്‍
അവസാനിക്കുന്നു
എന്നതില്‍ എന്ത് മെച്ചം?
ഇപ്പോള്‍,
ഞാന്‍ കാണുന്നതു പ്രകാരം,
ചുരുട്ടിപ്പിടിച്ച കൈയും
നിവര്‍ന്ന തലയുമായി
മിക്കവാറും ഒടുവിലത്തേതാകാവുന്ന
ഒരു മഹാസംഗരത്തില്‍
പടനയിക്കുന്നയാള്‍  
രാമനല്ല,രാവണനുമല്ല, ഞാനാണ്.