Sunday, March 20, 2011

അതാര്യം


സൂര്യപ്രകാശവും  പനിനീര്‍പ്പൂക്കളും
സ്വപ്നം കാണാത്ത പെണ്‍കുട്ടീ,
നിനക്കായി ഒന്നും
ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല.
മഴപെയ്തനേരം
വഴിയോരത്ത് വീണു മരിച്ചവന്റെ
നെറ്റിയില്‍
വറ്റാതെ ശേഷിച്ച
വെള്ളത്തുള്ളികളില്‍
പ്രതിഫലിക്കാതെ നിന്ന
ആകാശത്തെക്കുറിച്ചു മാത്രം
നീ ഓര്‍ത്തു.
നരച്ച ആകാശം,
തെളിച്ചത്തില്‍ ,
വെള്ളത്തുള്ളികള്‍ പാറിനില്‍ക്കുന്ന
ഒരു നെറ്റിത്തടം,
കഠിനമായ മരവിപ്പ് ,
എങ്കിലും
പിളരല്ലേ നെഞ്ചകം.

Wednesday, March 2, 2011

തണല്‍


മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
സ്മരണയിലെങ്ങും പൂക്കളുമായി
ദൂരേയ്ക്കെന്തോ തിരയുംപോലെ
വേരുകളങ്ങനെ നീട്ടിക്കൊണ്ടും
ചാരെയിരിക്കാന്‍ ഒന്നു കുളിര്‍ക്കാന്‍
തളിരുകളങ്ങനെ വീശിക്കൊണ്ടും
നിരകളടുങ്ങിയും ഒന്നൊന്നായും
തിരപോല്‍ കാറ്റില്‍ ശിഖരങ്ങള്‍
മോടിയിലങ്ങനെ മേടയുയര്‍ന്നൂ
മാമരമല്ലിത്, മണിമേട!
പച്ചപ്പട്ടിന്നിലകള്‍ വിരിച്ചും
പവിഴപ്പൂത്തിരി വാനിലുതിര്‍ത്തും
തുരുതുരെയിലകള്‍ തമ്മിലുരയ്ക്കും
മരമര നാമം കേട്ടു തളിര്‍ത്തും
മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
ഓര്‍മ്മയില്‍ നിറവിന്‍ സംഗീതം പോല്‍ .
കാണുംതോറും മാറും വടിവുകള്‍
കാഴ്ചകള്‍ തീര്‍ക്കും സങ്കല്‍പ്പങ്ങള്‍
ചടുലം ചുവടുകള്‍ ,മുഗ്ധം മുദ്രകള്‍
പെരുമയിലങ്ങനെ ശിവനടനം
വീണു നമിക്കും പാരിടമാകെ
ജീവനതാളം മുറുകുമ്പോള്‍ .
മാറും പിന്നൊരു മയിലായ്,വാനില്‍
പീലി വിരിച്ചൊരു കുട തീര്‍ക്കും
നീളും പീലികള്‍ , നിറയും ഹര്‍ഷം
നീളെ നടക്കും നര്‍ത്തനവും
പ്രാക്തനമായൊരു പ്രാര്‍ത്ഥനപോലെ
ഞാനതിലെങ്ങും വിലയിക്കുമ്പോള്‍ ,
കാണുകയായൊരു ബോധിച്ചുവടും
കരുണയുറങ്ങും കണ്ണുകളും.