Wednesday, July 20, 2011

പ്രകാശധാര


എന്റെ കണ്ണീരിനും വിയര്‍പ്പിനും ചോരയ്ക്കും
നീ ഒരിക്കലും അവകാശിയല്ല.
വിധിപറച്ചിലിന്റെ അന്ത്യദിനത്തില്‍
കനകസൂര്യന്റെ തിളങ്ങും രശ്മികള്‍
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന
അവസാനത്തെ കഴുകനും
കരിഞ്ഞു ഭസ്മമായിക്കഴിയുമ്പോള്‍ ,
വിധികര്‍ത്താവായ നീ
അന്ധനായിച്ചമയും.
നിന്റെ അന്ധത
ലോകം ആഘോഷിക്കുമ്പോള്‍ ,
ഞാന്‍ എന്റെ യാത്ര തുടരും,
പതറാതെ,
ഒരു തുള്ളി കണ്ണീരുപോലും
നിനക്കായി എറിഞ്ഞുതരാതെ.

Wednesday, July 6, 2011

അചിരം


പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്ക്
സരളമായൊരു പരിണാമം
എന്ന് ആര്‍ക്കും കരുതാം.
ഏകാന്തതയില്‍ ,
പുഴു അതിജീവിക്കുന്ന
മോഹങ്ങളുടെ മഹാസമുദ്രങ്ങളോ ,
സരളമല്ല അവ ;തീരെ.
കൊഴിഞ്ഞു വീഴുന്ന
ഇലയുടെ നിശ്വാസം കേള്‍ക്കാതെ ,
മണലിന്റെ ദാഹവും
മഴത്തരിപ്പും അറിയാതെ ,
പകലോ , രാത്രിയോ ,
വെയിലോ , നിലാവോ
എന്ന് സന്ദേഹിക്കാന്‍ പോലും
പഴുതുകളില്ലാതെ
മൗനത്തിന്റെ നെടുംകടല്‍
പതുക്കെ കടക്കണം .
നിദ്രയുടെ മായാവലയം
മൃദുവായി ഭേദിക്കണം .
ഉണര്‍ച്ചയില്‍ ,
ചിറകു നീര്‍ത്താന്‍
പിടഞ്ഞുനില്‍ക്കുന്ന
സര്‍ഗചേതനയില്‍ ,
വാരിവിതറിയ മഴവില്‍നിറങ്ങള്‍
കണ്ടും, കാണാതെയും
അപൂര്‍ണതയിലേക്ക്
അനന്തമായി യാത്രചെയ്യുകയും വേണം.