Thursday, December 1, 2011

ആവാസം


പാര്‍പ്പു തുടങ്ങിയ കാലം മുതല്‍
ഈ വീടും മുതുകില്‍ വഹിച്ചു കൊണ്ടാണ്‌
ഞാന്‍ നടക്കുന്നത്.
അരിച്ചു കയറാന്‍ ചിലതുണ്ട് ,
ചിതല്‍, തണുപ്പ്‌, അങ്ങനെ....
അടിച്ചുവാരുംതോറും
കുന്നുകൂടാന്‍ മറ്റു ചിലത് ,
ചപ്പ്‌ , ചവറ് , അങ്ങനെ....
ലോകത്തെ എന്നും പുറത്തുനിര്‍ത്താന്‍
ഒരൊറ്റ വാതില്‍.
ചേര്‍ത്തടച്ച ജനലുകള്‍ക്കിപ്പുറം
വെള്ളം ചേരാത്ത സ്വകാര്യത ,
കള്ളമില്ലാത്ത സ്വാര്‍ഥത .
മുറികള്‍ - മുറിവുകള്‍ ,
തുന്നിച്ചേര്‍ത്താലും കൂടിച്ചേരാത്തവ .
ആകാശം - കാണാമറയത്ത് .
ഭൂമി - കൊടും വിള്ളലായി കാല്‍ച്ചുവട്ടില്‍.
എങ്കിലും കൊണ്ടുനടക്കുന്നു ;
എന്നോടുള്ള കരാറുകള്‍
എന്നും ഞാന്‍ പുതുക്കുന്നു.

5 comments:

ശ്രീനാഥന്‍ said...

അരിച്ചു കയറുന്ന തണുപ്പും ചിതലും മനോഹരം. കരാറുകൾ പുതുക്കിക്കൊണ്ട്, മനസ്.. ഇടയ്ക്ക് ലോകത്തിലേക്ക് ഒന്നു തുറക്കാം! നല്ല കവിത.

sakshi said...

ചേര്‍ത്തടച്ച ജനലുകള്‍ക്കിപ്പുറം
വെള്ളം ചേരാത്ത സ്വകാര്യത ,
മനോഹരമായിരിക്കുന്നു..

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.... aashamsakal... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

naakila said...

ടീച്ചറുടെ പുതിയ കവിതകളില്‍ ശ്രദ്ധേയമായ വ്യതിരിക്താനുഭവങ്ങള്‍ കടന്നുവരുന്നുണ്ട്.സൂക്ഷമായി രുചിച്ചെടുക്കാവുന്ന കവിതയുടെ കരിമ്പുകഷണം

ആര്‍. ശ്രീലതാ വര്‍മ്മ said...

thannk you,anish...