Thursday, January 12, 2012

തെളിച്ചം


മഞ്ഞിന്റെ മിനുക്കത്തില്‍
കൂമ്പിയുറങ്ങുന്ന ഇലകള്‍
വെയില്‍ വരയ്ക്കാന്‍ പോകുന്ന
ചിത്രങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല.
ഇലപൊഴിഞ്ഞ ചില്ലകള്‍
പരപ്പുകളെക്കുറിച്ച്
വ്യസനിക്കാറേ യില്ല .
എരിഞ്ഞു തീരുന്ന കനല്‍ക്കട്ടകള്‍
അവക്ഷിപ്തങ്ങളെ മറന്നുപോകുന്നു.
നിശ്ശബ്ദത വരിഞ്ഞു മുറുക്കിയ
നിമിഷങ്ങള്‍ ഭാവാന്തരങ്ങളില്ലാതെ
തുടരുന്നു,തുടരുന്നു.
എങ്കിലും , വാക്ക് ,
ആകാശപ്പരപ്പുകളെയും
സമുദ്രത്തിന്റെ ആഴങ്ങളെയും
വരച്ചുകൊണ്ടിരിക്കുന്നു,
ഇടവിടാതെ, ഇടവിടാതെ .
      - കലാകൌമുദി ,2012  ജനുവരി 08

Tuesday, December 13, 2011

മഴവില്ലില്‍ ഇല്ലാത്തത്


നിറമെണ്ണി   നിറമെണ്ണി 
വളവും വടിവും നോക്കിനോക്കി 
ചരിഞ്ഞ രേഖയില്‍ 
അനന്തമായ ഉയരം കണ്ടു കണ്ട് 
ഇത് സ്വര്‍ഗമെന്ന് രസിച്ചുരസിച്ച് 
വിരിഞ്ഞ വിരിവിനെ തൊട്ടെടുത്ത് 
മഴയുടെ വില്ലെന്ന് കവിത കോര്‍ത്തു.
നിറമോരോന്നിലും നിനവു ചേര്‍ത്തു.
പിന്നെ,
പെയ്തുതീര്‍ന്ന നിറങ്ങളില്‍ 
കാലം കട്ടപിടിക്കുന്ന വിധങ്ങളോര്‍ത്ത് 
ജലശൂന്യമായ ഒരു തടാകം പോലെ 
മനസ്സെന്ന് വെറുതെ ഉപമ പറഞ്ഞു.
മരിച്ച സ്വപ്നങ്ങളുടെ 
അനാകൃതിയെ ആവിഷ്കരിക്കാന്‍ 
മണല്‍ക്കാറ്റിനായില്ല; കരിയിലകള്‍ക്കും. 
പുറപ്പെടാന്‍ ശ്രമിച്ചിട്ട്‌
പുറത്തുവരാതെ പിടഞ്ഞ വാക്കിലായിരുന്നു 
പതിനാലു ലോകങ്ങളുടെയും ചിരമായ ഭ്രമണം .
വെളുപ്പിന്റെ പല സാധ്യതകളില്‍ 
കണ്ഠനാളത്തിലെ അവസാന ശ്വാസം,
പിടയ്ക്കുന്ന ഞരമ്പിലെ മരണതാളം,
സത്യത്തിന് നിറമില്ലെന്ന സമാപനവാക്യവും.
             -മാധ്യമം ആഴ്ചപ്പതിപ്പ്  - 2011 ഡിസംബര്‍ 19  

Thursday, December 1, 2011

ആവാസം


പാര്‍പ്പു തുടങ്ങിയ കാലം മുതല്‍
ഈ വീടും മുതുകില്‍ വഹിച്ചു കൊണ്ടാണ്‌
ഞാന്‍ നടക്കുന്നത്.
അരിച്ചു കയറാന്‍ ചിലതുണ്ട് ,
ചിതല്‍, തണുപ്പ്‌, അങ്ങനെ....
അടിച്ചുവാരുംതോറും
കുന്നുകൂടാന്‍ മറ്റു ചിലത് ,
ചപ്പ്‌ , ചവറ് , അങ്ങനെ....
ലോകത്തെ എന്നും പുറത്തുനിര്‍ത്താന്‍
ഒരൊറ്റ വാതില്‍.
ചേര്‍ത്തടച്ച ജനലുകള്‍ക്കിപ്പുറം
വെള്ളം ചേരാത്ത സ്വകാര്യത ,
കള്ളമില്ലാത്ത സ്വാര്‍ഥത .
മുറികള്‍ - മുറിവുകള്‍ ,
തുന്നിച്ചേര്‍ത്താലും കൂടിച്ചേരാത്തവ .
ആകാശം - കാണാമറയത്ത് .
ഭൂമി - കൊടും വിള്ളലായി കാല്‍ച്ചുവട്ടില്‍.
എങ്കിലും കൊണ്ടുനടക്കുന്നു ;
എന്നോടുള്ള കരാറുകള്‍
എന്നും ഞാന്‍ പുതുക്കുന്നു.

Wednesday, November 16, 2011

പരിക്രമം


എന്റെ പ്രത്യാശകളുടെ സൂര്യന്‍
ആകാശങ്ങളുടെ അറിയാത്ത അടരുകളിലോ
മറവിയുടെ പഴകിയ വലകള്‍ക്കുള്ളിലോ
പകുതി മറഞ്ഞ
നേര്‍ത്തൊരു വെളിച്ചം.
എവിടെ ,
നീ എനിക്കായി കാഴ്ചവച്ച
വിഭാതങ്ങളുടെ വജ്രഖനി ?
എവിടെ ,
നീ എനിക്കായി ഒരുക്കിവച്ച
ഉണ്മയുടെ ദിവ്യരത്നങ്ങള്‍?
ഇരുട്ട് , പ്രാണനില്‍
വേദനയായി
ഒഴുകിപ്പരക്കുന്നതിനു മുന്‍പ്‌ ,
തീനാളം പോലുയിര്‍ക്കുന്ന
ഒരു പ്രകാശബിന്ദുവിനായി
ഞാന്‍ കണ്‍നട്ടിരിക്കുന്നു ,
അനന്തമായി , അനന്തമായി .

Tuesday, November 1, 2011

കടങ്കഥ

ഇളംകാറ്റിനെക്കാള്‍ 
കുളിരുന്നത് 
ജലത്തെക്കാള്‍ 
മിന്നിത്തിളങ്ങുന്നത്
എന്നെല്ലാം 
ഓര്‍ത്തെടുത്ത് 
പതുക്കെ,
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച് 
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്‌,
തെളിവാനില്‍ നിന്ന്‌ 
ഒരു നക്ഷത്രം പറന്നു വന്ന്‌
വാക്കുകളെയെല്ലാം 
ഉമ്മവച്ചുറക്കിയത്.
നെഞ്ചോടു ചേര്‍ത്ത സൂര്യനെ വെടിയാതെ 
പുല്‍ത്തുമ്പില്‍ നിന്നടരുന്ന 
ജലകണമായി , ആ  നിമിഷം ഞാന്‍.
അപ്പോള്‍,
നിറഞ്ഞൂ , തുളുമ്പാതെ ,
കവിതയാം കടല്‍.

Monday, October 17, 2011

അപരിച്ഛിന്നം


നിന്റെ യാത്രകള്‍ കൊണ്ട്
കാലത്തെ ഞാന്‍
നെടുകെയും കുറുകെയും  ഛേദിച്ചു
എല്ലാ ഛേദങ്ങളും ഒരുപോലെ.
എന്റെ ഒരു വര്‍ഷം
നിന്റെ ഒരു ദിവസം
അങ്ങനെ വരുമ്പോള്‍
നീ ദേവനോ?
എനിക്ക്,
കൈരേഖയില്‍ - ചിരവിരക്തി ,
കഴുത്തില്‍ - കാണാക്കയര്‍  ,
കവിതയില്‍ - ജീവപര്യന്തം.
ചലനങ്ങള്‍ - എന്നും നേര്‍രേഖയില്‍ ,
വളയാതെ , നെടുനീളത്തില്‍ .
ഘടികാരങ്ങള്‍ വച്ചുനീട്ടുന്ന
സമയത്തിന്റെ ഔദാര്യം
എനിക്കു വേണ്ട.
കാലത്തിന്റെ തുണയില്ലാതെ
ഇനി ഞാന്‍ അറിയട്ടെ നിന്നെ.

Monday, October 3, 2011

എന്നും


കിഴക്കു നിന്നു നീ പുറപ്പെടാറായി  
സുവര്‍ണവീചികള്‍ ചൊരിയുമാറായി        
പഴയവീടിന്റെ ഇരുണ്ടജാലകം
തുറന്നുവച്ചു ഞാന്‍ കൊതിച്ചുനില്‍ക്കുന്നു
ഗിരിശിഖരങ്ങള്‍ , സമുദ്രദൂരങ്ങള്‍
കടന്നുവന്നിടും പ്രകാശധാരകള്‍
അണിഞ്ഞുമെല്ലെയെന്‍ വിളര്‍ത്തചേതന
തുടുപ്പിയലട്ടെ , തുടിച്ചുനില്‍ക്കട്ടെ
തളര്‍ന്നവേരിലും തളിരിലയിലും
തരത്തിലങ്ങു നിന്‍ കരങ്ങളെത്തുന്നു
ചിറകുകളറ്റ പറവയ്ക്കായങ്ങു
ചിറകുനല്കും പോല്‍ നിറവുതൂകുന്നു
അനശ്വരപ്രേമസ്മരണയാലിന്നും    
തുടുക്കും താമര കരങ്ങള്‍ കൂപ്പുന്നു
ഇരുള്‍സമുദ്രങ്ങള്‍ അകലെ മായുന്നു
പരന്നുപൊങ്ങുന്നു പവിത്രമാം പ്രഭ
പ്രപഞ്ചസത്ത തന്‍ പ്രകാശനാളമേ
പകരുകെന്നുമീ പ്രവാഹപൂര്‍ണിമ