Tuesday, October 26, 2010

മരത്തില്‍ കാണണം

മാനത്തും മണ്ണിലും
കാണുന്നതൊക്കെ
മരത്തില്‍ കാണാന്‍
എങ്ങനെയോ
പഠിച്ചതാണ്.
നോക്കിയിരിക്കവേ,
ആകാശത്തേക്ക് വിടര്‍ന്ന
ജടകള്‍,
ഭൂമിക്ക് സമര്‍പ്പിച്ച നോട്ടം,
പ്രഭ വിടര്‍ത്തിയ നടരാജരൂപം-ശിവം,സനാതനം.
ഏതോ നാടോടിയുടെ ദു:ഖം
കനം തിങ്ങിയ വേരുകളില്‍
മൃഗതൃഷ്ണകള്‍ ആഴത്തിലേക്ക്
പടരുമ്പോള്‍,
വന്യമായ ഇരുട്ടിലും ഈര്‍പ്പത്തിലും
ചില പൂര്‍വലോകസ്മരണകള്‍,
ആദ്യകിരണത്തിന്റെ
തളിര്‍പ്പും തിണര്‍പ്പും,
ഇളകുന്ന കാറ്റിനോട്
ആദ്യം പങ്കിട്ട സ്വകാര്യം,
പരന്നുപൊങ്ങുന്ന
ജലവിതാനത്തില്‍
ഉടലിന്റെ നേര്‍ത്ത വിറയല്‍.
മണ്ണിന്റെ മൌനം
ചില്ലകളില്‍ തളിര്‍ത്തു,
തളിരുകള്‍ക്ക് നാവ് മുളച്ചു,
ഇത്ര നാള്‍ മിണ്ടിയതില്ലെന്ന ഖേദം
അതോടെ തീര്‍ന്നു.
നക്ഷത്രങ്ങളെ ലക്ഷ്യമാക്കി
പറക്കാന്‍ വെമ്പുന്ന
മാലാഖമാരെപ്പോലെ പൂക്കള്‍,
അവര്‍ അഷ്ട ദിക്കുകളെ പ്രണമിച്ചു.
കല്പാന്തത്തില്‍,പക്ഷേ,
വേരും വിത്തും പൂവും ചില്ലയും മറഞ്ഞു.
ചുറ്റും പ്രളയ ജലത്തിന്റെ
ഒടുങ്ങാത്ത വായ്ത്താരി,
നടുവില്‍ ഒരില മാത്രം.
എന്നാല്‍ രക്ഷകന്‍ എവിടെ?
ഇല തല്പമാക്കി
കാല്‍വിരല്‍ നുകര്‍ന്ന് കിടന്ന്‍
ഒടുങ്ങാത്ത അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍
ഇനിയും എത്തിച്ചേരാത്തതെന്ത്?

12 comments:

naakila said...

വിസ്മയിപ്പിക്കുന്ന ആഴം ഈ കവിതയുടെ ഊര്‍ജ്ജമാകുന്നു.
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നീളുന്ന ചൂണ്ടലുകള്‍
നന്നായി

Junaiths said...

ഒരു മരമായ്‌
ആകാശവും ഭൂമിയും
തേടുന്ന കവിത..

ചിത്ര said...

മനോഹരമായ കവിത..

രമേശ്‌ അരൂര്‍ said...

കല്പാന്തത്തില്‍,പക്ഷേ,
വേരും വിത്തും പൂവും ചില്ലയും മറഞ്ഞു.
ചുറ്റും പ്രളയ ജലത്തിന്റെ
ഒടുങ്ങാത്ത വായ്ത്താരി,
നടുവില്‍ ഒരില മാത്രം.
എന്നാല്‍ രക്ഷകന്‍ എവിടെ?
കാണാ മറയത്ത് ഒളിഞ്ഞു കിടക്കുന്ന ഏതോ നിഗൂഡത
ഈ കവിതയില്‍ വായിച്ചെടുക്കാം ..
കവയിത്രി മനസ്സില്‍ കണ്ടതുപോലെ (എന്റെ )വായനയുടെ മരത്തില്‍ അത് കായ്ച്ചുവോ എന്ന് സംശയം ..

Kuzhur Wilson said...

മരത്തോളം വേരുകള്‍ ഉള്ള കവിത

ഇഗ്ഗോയ് /iggooy said...

രക്ഷിക്കാനാരും വരാനില്ല.
രക്ഷകന്‍ ബിവറേജസ്സിലെ വരിയിലാണ്‌.

sasikumar kathiroor said...

kavitha vayichappol thonniyathanu - vithilninnu unarnna aadhyathe elayude vikaram enthayirikkum. kalameera kazhinju aakashathekkuyarnna jadadhariyaya marathe athu swapannam kandirikkumo.
The poem spreads from the depths of earth to the vastness of the sky.

ശ്രീനാഥന്‍ said...

അരയാലിലയിൽ കണ്ണൻ പ്രളയത്തിരയേറി വരുമെന്നു തെന്നെ കരുതാം, നല്ല കവിത!

Sapna Anu B.George said...

Good to meet you greet you and read you in blogs.....

ആര്‍. ശ്രീലതാ വര്‍മ്മ said...

അഭിപ്രായങ്ങള്‍ക്ക് നന്ദി..

LiDi said...

ഒടുങ്ങാത്ത അദ്ഭുതങ്ങള്‍

ആര്‍. ശ്രീലതാ വര്‍മ്മ said...

Thank you,Lidiya