Monday, November 15, 2010

നിന്നോട് ചോദിക്കുവാന്‍

ഇതു വിളക്കല്ലെന്റെ
    ഉയിരിന്‍ തെല്ലാം നാളം
ഇഷ്ടം പോല്‍ തെളിച്ചതും
   ഇത്രനാള്‍ കാത്തതും നീ

ഇവിടെ വെട്ടത്തിന്റെ
  നേര്‍ത്തൊരു കണത്തിനായ്
നിന്നു ഞാനെരിയേണം
  കല്പന നിന്റേതല്ലോ !


സൂരതേജസ്സിന്‍ മുന്നില്‍
    കേവലം താരകള്‍ പോല്‍
കൂരിരുള്‍ കയത്തിലെന്‍
    ക്ഷീണിച്ച ജീവനാളം!

മുറ്റിടും അന്ധകാരം
   മറയ്ക്കാന്‍,ഒടുക്കുവാന്‍,
ചുറ്റിലും അക്ഷയമാം
   വെളിച്ചം വിതയ്ക്കുവാന്‍

കെല്പില്ല,പക്ഷേ,എന്റെ
  ഉള്‍തടം അറിഞ്ഞു നിന്‍
കല്പന പാലിച്ചതിന്‍
  ധന്യത എല്ലാനാളും!

ക്ഷുദ്രമാം വചനങ്ങള്‍
  നിരാര്‍ദ്ര ഹൃദയങ്ങള്‍,
പുക തന്‍ ചാരം മൂടി
  കറുത്ത ദിവസങ്ങള്‍

ഒക്കെയും പിന്നിട്ടിന്നും
  നിന്‍ മുന്നിലെരിയവേ
നിന്നോട് ചോദിക്കുവാ-
 നുണ്ടെനിക്കൊന്നു മാത്രം:

എത്രനാള്‍ തെളിഞ്ഞിടു-
  മെത്രനാളിതുപോലെ
മേഘങ്ങള്‍ ഇരമ്പുന്നു,
  മഴയോ വന്നെത്തുന്നു,

മൌനമോ,മരണമോ
  പിന്നിലായ് പതുങ്ങുന്നു
എത്രനാള്‍ തെളിഞ്ഞിടും,
   എത്രനാള്‍ ഇതുപോലെ?

10 comments:

naakila said...

തെളിച്ചമുള്ള ഭാഷകൊണ്ട്
വരയ്ക്കുന്ന തിളക്കം

രമേശ്‌ അരൂര്‍ said...

ഭീതമാം ഇരുളിനെയകറ്റാന്‍
ഉദയാര്‍ക്ക ദീപ്തിപോല്‍
ജഗത്തിങ്കല്‍ തെളിയും വിളക്കിത്
കെടുത്താന്‍ കെല്‍പ്പുള്ളവന്‍,
ഏകന്‍ താന്‍ ജഗന്‍ മയന്‍

Junaiths said...

എത്ര നാളായാലും
ശുദ്ധമായ്‌ തെളിമയായ്‌
തെളിയട്ടെ,ഈ ഭാഷ പോല്‍

ശ്രീനാഥന്‍ said...

തെളീഞ്ഞു കത്തീടട്ടേ, ഈ ജീവനാളം ഏറെക്കാലം, വിരിയും വരികളിൽ അഗ്നിയായ് ജ്വലിക്കുവാൻ!

Unknown said...

jeevithathinte thalam kavithayude thalavum bhavavumayirikkunnu

sreelatha said...

നന്ദി അനീഷ്‌,രമേശ്‌,ജുനൈത്,ശ്രീനാഥന്‍,മാഷേ...

sreelatha said...
This comment has been removed by the author.
ജയിംസ് സണ്ണി പാറ്റൂർ said...

ഒരു നല്ല കവിതയുടെ വെളിച്ചം

t.a.sasi said...

''ക്ഷുദ്രമാം വചനങ്ങള്‍
നിരാര്‍ദ്ര ഹൃദയങ്ങള്‍,
പുക തന്‍ ചാരം മൂടി
കറുത്ത ദിവസങ്ങള്‍''

നല്ലൊരു കവിത കിട്ടിയതിന്‍ സുഖം..
ഇതുപോലുള്ള കവിതകള്‍
ഇനിയും പ്രതീക്ഷിക്കുന്നു.

sreelatha said...

നന്ദി,ജെയിംസ്‌ സര്‍,ശശി...