Wednesday, January 5, 2011

ഒരു കവിത കൂടി


ഒരു കവിത കൂടി
കുറിച്ച് വയ്ക്കുന്നു
നിറുകയിലാരോ
കരങ്ങള്‍ ചേര്‍ത്തപോല്‍
ഒരു വരി വീണ്ടും
ഉദിച്ചുയരുന്നു
ഇളകും കാറ്റുകള്‍
പതുക്കെ വന്നെന്റെ
മനസ്സ് തൊട്ടൊന്നു
തലോടിപ്പോകുന്നു.
തരളമായ് ഏറ്റം
ദയാര്‍ദ്രമായെന്റെ
തളര്‍ന്ന പ്രജ്ഞയില്‍
തണുപ്പ് നല്‍കുന്നു.
ഹരിതമാണ്,എങ്ങും,
കുളിര്‍മരങ്ങളും
നിറയെപ്പൂക്കളും
തളിര്‍ സുഗന്ധവും
തുടര്‍ന്നിടട്ടെയീ
വസന്തമാം ഋതു
ഇടവിടാതെ എന്‍
കവിതയില്‍ എന്നും!
വെറുതെ എങ്കിലും
നിറഞ്ഞു മോഹിപ്പൂ,
പകുതി രാജ്യമോ
മനസ്സാം രാജ്യത്തില്‍?
ഇരുണ്ട കാലത്തിന്‍
കരള്‍ പിളര്‍പ്പുകള്‍
ഇനിയുമെത്ര ഞാന്‍
പകുത്തു വയ്ക്കണം,
കവിതയില്‍ തെല്ല്,
കരളിലും തെല്ല്,
അതിലും തെല്ലിങ്ങു
പകച്ച വാഴ്വിലും!
വഴികള്‍ നീണ്ടതാം,
ഇരുളിയന്നതാം,
ചെറിയ കൈത്തിരി-
കവിത-നീട്ടി ഞാന്‍
നട തുടരുന്നു,
അമേയമായിടും
കനിവിനാല്‍ ഇന്നും
നട തുടരുന്നു.

15 comments:

naakila said...

ഇനിയുമെത്ര ഞാന്‍
പകുത്തു വയ്ക്കണം,
കവിതയില്‍ തെല്ല്,
കരളിലും തെല്ല്,
അതിലും തെല്ലിങ്ങു
പകച്ച വാഴ്വിലും!

നടതുടരുകെ
ന്നാശംസയേകുന്നു

സ്മിത മീനാക്ഷി said...

കവിതയുടെ അമേയമായ കനിവിനു നന്ദി.

ചിത്ര said...

liked it..

Jithin Babu said...

നന്നായിട്ടുണ്ട്... ആശംസകള്‍.....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഈ കവിതയും

“തരളമായ് ഏറ്റം
ദയര്‍ദ്രമായെന്റെ
തളര്‍ന്ന പ്രജ്ഞയില്‍
തണുപ്പ് നല്‍കുന്നു.”

നന്ദി

ശ്രീനാഥന്‍ said...

ഇഷ്ടപ്പെട്ടു!

sakshi said...

valare, valare ishtappettu

മുഹമ്മദ്‌ അറയ്ക്കല്‍ said...

കവിത നന്നായിരിക്കുന്നു. ഭാവുകങ്ങള്‍ - എഴുത്ത് തുടരുക .

മുഹമ്മദ്‌ അറയ്ക്കല്‍ said...

കവിത നന്നായിരിക്കുന്നു. ഭാവുകങ്ങള്‍ - എഴുത്ത് തുടരുക .

Kalavallabhan said...

"നിറുകയിലാരോ
കരങ്ങള്‍ ചേര്‍ത്തപോല്‍
ഒരു വരി വീണ്ടും
ഉദിച്ചുയരുന്നു"

പുതുവർഷത്തിലിനിയും കൂടുതൽ
കൂടുതൽ ഉദയങ്ങൾ കാണാനിടവരട്ടെയെന്നാശംസിക്കുന്നു.

പഞ്ചാരകുട്ടന്‍ -malarvadiclub said...

"അമേയമായിടും" അതെന്താ സാധനം ?

SUJITH KAYYUR said...

Ormmayil thangi nilkunna varikal...

ആര്‍. ശ്രീലതാ വര്‍മ്മ said...

അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

Unknown said...

kavithayude thanutha sparsam.......nalla kavitha....

ആര്‍. ശ്രീലതാ വര്‍മ്മ said...

Thanks, mashe...