Wednesday, February 16, 2011

പാതാളം


പുറത്താരോ പതുങ്ങുന്നു
ഇരുള്‍ മെല്ലെയനങ്ങുന്നു
തുറന്നിട്ട ജനല്‍പ്പാതി-
പ്പഴുതിലൂടരൂപമായ് 
ചലിക്കുമാ നിഴല്‍ കാണാം,
ചിതറും പോലിടയ്ക്കിടെ.
അകത്തു ഞാന്‍ തനിച്ചാണ്,
അകക്കാമ്പില്‍ ഭയമാണ്.
കിടുകിടെ വിറച്ചു ഞാന്‍ 
ഇടരിനാല്‍ തളരുന്നു.
തുടിക്കുന്ന ചങ്കിലാരോ 
കൊടും ഭേരി മുഴക്കുന്നു
ദഹിപ്പിക്കും തണുപ്പിനാല്‍
ദേഹമെല്ലാം മരയ്ക്കുന്നു
ദാഹനീരു തിരഞ്ഞെന്റെ
പ്രാണനാളം പിടയുന്നു
ഉറക്കെയായ് വിളിക്കുവാന്‍
ശ്രമിക്കുമ്പോള്‍,തൊണ്ട തന്നില്‍
നീരുവറ്റും നിലവിളികള്‍ 
നിസ്സഹായം അമരുന്നു
ദൈവനാമം മനസ്സിലായ്‌
പലവുരു ജപിക്കുന്നു
രക്ഷയെങ്ങ്,രക്ഷയെങ്ങ്,
ജപത്തിലോ,തപത്തിലോ?
പാതാളം പടവു തീര്‍ക്കും 
പാതിരാവും ഒടുങ്ങാനായ്
പുറത്തൊരാള്‍ ,അകത്തു ഞാന്‍ 
നിലയിന്നും തുടരുന്നു.

11 comments:

naakila said...

ശില്പഭദ്രതയുള്ള എഴുത്ത് ടീച്ചര്‍

ഭയംകൊണ്ട് കിടുങ്ങുന്നു
അകത്താര് പുറത്താര്?
ആശംസകള്‍

Unknown said...

ഭയം...സ്വപ്നം ...മരണം ...മനസിന്റെ ആഴങ്ങളില്‍ നിഴലിളക്കങ്ങള്‍.....പാതാളത്തിലേക്കുള്ള പടവുകള്‍ ...കവിതയുടെ സ്പര്‍ശാനുഭവം പകരുന്ന വരികള്‍ ...പാതാളത്തിലേക്ക് നീളുന്ന താളം ....കവിത ഇഷ്ടപ്പെട്ടു .

ഉപാസന || Upasana said...

നന്നായി
:-)

രമേശ്‌ അരൂര്‍ said...

ഭയം നരച്ചു വരുന്നത് അനുഭവിച്ചു ..

ശ്രീനാഥന്‍ said...

കവിതയിൽ പാതാളഭീതി പകർന്നു, പുറത്തൊട്ടും ശരിയല്ല, ജപിച്ചോളൂ!

t.a.sasi said...

ഭയമാണെങ്ങും
എന്നിലും നിന്നിലും
ഭയമൊഴിയാതൊരാള്‍
എങ്ങെന്നു പറയുവാന്‍ വയ്യ !

ടീച്ചറുടെ കവിത നന്നായി.

sakshi said...

maravippikkunna bhayam ... sarikkum anubhavippichu kavitha.

സുജനിക said...

ഭോഗേ രോഗഭയം, കുലേ ച്യുതി ഭയം.....ഭർത്തൃഹരിയുടെ ശ്ലോകം ഓർമ്മ വന്നു.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

അകത്തു ഞാന്‍ തനിച്ചാണ്,അകക്കാമ്പില്‍ ഭയമാണ്.കിടുകിടെ വിറച്ചു...
....................
പുറത്തൊരാള്‍ ,അകത്തു ഞാന്‍
നിലയിന്നും തുടരുന്നു...

മനുഷ്യന്‍ ഉള്ളിടത്തോളം കാലവും ഇതുണ്ടാവും

കവിതയുടെ ഭാവം മനോഹരമായിരിയ്ക്കുന്നു..

ആശംസകളോടെ..

Sinai Voice said...

Very Nice Blog.
Read&Share..http://seejojoy.blogspot.com/

ആര്‍. ശ്രീലതാ വര്‍മ്മ said...

എല്ലാ സുഹൃത്തുക്കളെയും സ്നേഹവും കൃതാര്‍ഥതയും അറിയിക്കുന്നു.