Wednesday, March 2, 2011

തണല്‍


മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
സ്മരണയിലെങ്ങും പൂക്കളുമായി
ദൂരേയ്ക്കെന്തോ തിരയുംപോലെ
വേരുകളങ്ങനെ നീട്ടിക്കൊണ്ടും
ചാരെയിരിക്കാന്‍ ഒന്നു കുളിര്‍ക്കാന്‍
തളിരുകളങ്ങനെ വീശിക്കൊണ്ടും
നിരകളടുങ്ങിയും ഒന്നൊന്നായും
തിരപോല്‍ കാറ്റില്‍ ശിഖരങ്ങള്‍
മോടിയിലങ്ങനെ മേടയുയര്‍ന്നൂ
മാമരമല്ലിത്, മണിമേട!
പച്ചപ്പട്ടിന്നിലകള്‍ വിരിച്ചും
പവിഴപ്പൂത്തിരി വാനിലുതിര്‍ത്തും
തുരുതുരെയിലകള്‍ തമ്മിലുരയ്ക്കും
മരമര നാമം കേട്ടു തളിര്‍ത്തും
മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
ഓര്‍മ്മയില്‍ നിറവിന്‍ സംഗീതം പോല്‍ .
കാണുംതോറും മാറും വടിവുകള്‍
കാഴ്ചകള്‍ തീര്‍ക്കും സങ്കല്‍പ്പങ്ങള്‍
ചടുലം ചുവടുകള്‍ ,മുഗ്ധം മുദ്രകള്‍
പെരുമയിലങ്ങനെ ശിവനടനം
വീണു നമിക്കും പാരിടമാകെ
ജീവനതാളം മുറുകുമ്പോള്‍ .
മാറും പിന്നൊരു മയിലായ്,വാനില്‍
പീലി വിരിച്ചൊരു കുട തീര്‍ക്കും
നീളും പീലികള്‍ , നിറയും ഹര്‍ഷം
നീളെ നടക്കും നര്‍ത്തനവും
പ്രാക്തനമായൊരു പ്രാര്‍ത്ഥനപോലെ
ഞാനതിലെങ്ങും വിലയിക്കുമ്പോള്‍ ,
കാണുകയായൊരു ബോധിച്ചുവടും
കരുണയുറങ്ങും കണ്ണുകളും.

6 comments:

naakila said...

അതീന്ദ്രിയമായൊരനുഭവം ഈ കവിതയിലുണ്ട്

കവിതയ്ക്ക് നഷ്ടപ്പെടുന്ന ചിലത് തിരിച്ചുപിടിയ്ക്കാനുള്ള സ്വാഗതാര്‍ഹമായ ശ്രമവും

ശ്രീനാഥന്‍ said...

രമ്മരമ്മരമരം എന്ന് തലയാട്ടി ചെവിയാട്ടി ചെറുതാളത്തിൽ..ജീവനടനത്തിന്റെ താളത്തിൽ.. പിന്നെ ശാന്തം, കരുണം, പ്രാർത്ഥന.

Pranavam Ravikumar said...

Nice :-)

sakshi said...

marum pinnoru mayilay,
vanil peeli virichoru
kuda neerthum.. manoharamaya bhavana...

ചിത്ര said...

beautiful! chollikkelkkanamennu thonni..

ആര്‍. ശ്രീലതാ വര്‍മ്മ said...

അനീഷ്‌,ശ്രീനാഥന്‍,സാക്ഷി,രവികുമാര്‍,രാമൊഴി-എല്ലാവരെയും സ്നേഹവും സന്തോഷവും അറിയിക്കുന്നു.