Monday, April 4, 2011

മേഘത്തിന്


        
ആഷാഢമാസത്തിന്റെ-
   യാദ്യദിനത്തിലല്ല
കണ്ടതെന്നോര്‍ക്കുന്നു ഞാന്‍
   മേഘമേ നിന്നെയന്ന്,
പാലതന്‍ പുഷ്പങ്ങളാല്‍
അര്‍ച്ചന ചെയ്തില്ല ഞാന്‍
പാടവമേറും വാക്കാല്‍
  നിന്‍മനം കവര്‍ന്നില്ല
അകലെ സഖി തന്റെ
  മന്ദിരമണഞ്ഞിടാന്‍
ഗമനമാര്‍ഗമോതി
 സന്ദേശം പകര്‍ന്നില്ല
വെറുതെ നിന്നെ നോക്കി-
 യലസം നിന്നീടവേ,
നിറഞ്ഞുപോകും കണ്‍കള്‍
പതുക്കെത്തുടച്ചു ഞാന്‍
പണിപ്പെട്ടൊരു ചിരി
  നിനക്കായ് നല്‍കീടുമ്പോള്‍
എനിക്കായൊരു തുള്ളി
  വര്‍ഷിച്ചൂ  പൊടുന്നനെ.
മഴത്തുള്ളിയോ നിന്റെ
 കണ്ണീരോ പെയ്തുപോയി
അറിവീലെനിക്കെന്നാ-
  ലറിവേന്‍ ഒന്നുമാത്രം,
തപ്തമെന്‍ ഹൃദന്തത്തി-
 ലിന്നും ഞാന്‍ സൂക്ഷിക്കുന്നു
അന്നത്തെയാ നീര്‍ക്കണം
കുളിരായ് കവിതയായ്.

4 comments:

naakila said...

കേകയില്‍ മറ്റൊരു മഴക്കവിതകൂടി
ആശംസകളോടെ

ശ്രീനാഥന്‍ said...

ആ മുകിൽമിഴിനീർ മുത്തൊരു മനസ്സിൻ ചിപ്പിയിൽ വീണൂ കവിതയായി.

sakshi said...

thapthamen hridanthathilinnum njan sookshikkunnu.............
..beautiful lines... congrats !!!

sreelatha said...

അനീഷ്‌,ശ്രീനാഥന്‍,സാക്ഷി ,അഭിപ്രായങ്ങള്‍ക്ക് നന്ദി,സ്നേഹം...