ജനിച്ചു വളര്‍ന്ന നഗരത്തില്‍
എനിക്കൊരു വീടുണ്ടായിരുന്നു
പക്ഷേ, ഇപ്പോഴത് എന്റേതല്ല
മലയും പുഴയും കിളികളുമുള്ള
ഒരു ഗ്രാമവും ,
അവിടെ പുഴക്കരയില്‍ ഒരു വീടും
എന്റെയൊരു
കാല്പനിക - ഗൃഹാതുര സങ്കല്പമായിരുന്നു കുറെനാള്‍.
പിന്നെയെന്നോ
അതും നിറംകെട്ടു .
മാറി മാറി വന്ന വാടകവീടുകള്‍
നിര്‍വികാരതയുടെ ഹിമശൈലങ്ങള്‍
ഒരിക്കലും ഉരുക്കിത്തീര്‍ക്കാതെ.....
അവ അടുക്കിവൃത്തിയാക്കാനോ
അലങ്കരിച്ചുവയ്ക്കാനോ
ഞാന്‍ ഇഷ്ടപ്പെട്ടതേയില്ല
അതുകൊണ്ട് ആ വീടുകള്‍
എല്ലാക്കാലവും അലങ്കോലപ്പെട്ടുകിടന്നു,
എന്റെ ജീവിതം പോലെ!
മുകളില്‍ ആകാശം,താഴെ ഭൂമി, എന്നും
മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല, എന്നും
ആവര്‍ത്തിച്ച്
ഭാവനരാഹിത്യത്തില്‍ ചില സമാനതകള്‍
കാണാനും ആശ്വസിക്കാനും ശ്രമിച്ചെങ്കിലും
ഫലമുണ്ടായില്ല.
ഇപ്പോള്‍,
മണ്ണുകൊണ്ട് ഒരു വീട് നിര്‍മ്മിച്ച്
എന്നെ അതില്‍ കുടിയിരുത്താനുള്ള
ശ്രമത്തിലാണ് ഞാന്‍.