Monday, October 17, 2011

അപരിച്ഛിന്നം


നിന്റെ യാത്രകള്‍ കൊണ്ട്
കാലത്തെ ഞാന്‍
നെടുകെയും കുറുകെയും  ഛേദിച്ചു
എല്ലാ ഛേദങ്ങളും ഒരുപോലെ.
എന്റെ ഒരു വര്‍ഷം
നിന്റെ ഒരു ദിവസം
അങ്ങനെ വരുമ്പോള്‍
നീ ദേവനോ?
എനിക്ക്,
കൈരേഖയില്‍ - ചിരവിരക്തി ,
കഴുത്തില്‍ - കാണാക്കയര്‍  ,
കവിതയില്‍ - ജീവപര്യന്തം.
ചലനങ്ങള്‍ - എന്നും നേര്‍രേഖയില്‍ ,
വളയാതെ , നെടുനീളത്തില്‍ .
ഘടികാരങ്ങള്‍ വച്ചുനീട്ടുന്ന
സമയത്തിന്റെ ഔദാര്യം
എനിക്കു വേണ്ട.
കാലത്തിന്റെ തുണയില്ലാതെ
ഇനി ഞാന്‍ അറിയട്ടെ നിന്നെ.

6 comments:

ശ്രീനാഥന്‍ said...

തകർപ്പൻ കവിത.നിശ്ചയദാർഢ്യം. ഇത്ര പണ്ഡിതോചിതമായ തലക്കെട്ട് വേണ്ടായിരുന്നു എന്നു മാത്രം.

naakila said...

നിലവാരമുള്ള കവിത
വളരെ ഇഷ്ടമായി
ശ്രീനാഥന്‍ മാഷ് പറഞ്ഞ പോലെ തലക്കെട്ട്

sakshi said...

കഴുത്തില്‍ - കാണാക്കയര്‍ ,
കവിതയില്‍ - ജീവപര്യന്തം.
ചലനങ്ങള്‍ - എന്നും നേര്‍രേഖയില്‍
നല്ല വരികള്‍ ....കവിത വളരെ നന്നായിട്ടുണ്ട് .... ,

ആര്‍. ശ്രീലതാ വര്‍മ്മ said...

നന്ദി, ശ്രീനാഥന്‍, അനീഷ്‌ , സാക്ഷി.

t.a.sasi said...

ഘടികാരങ്ങള്‍ വച്ചുനീട്ടുന്ന
സമയത്തിന്റെ ഔദാര്യം
എനിക്കു വേണ്ട.
കാലത്തിന്റെ തുണയില്ലാതെ
ഇനി ഞാന്‍ അറിയട്ടെ നിന്നെ.

സമയത്തെക്കുറിച്ചുള്ള പുതിയ സൂചികൾ..

ആര്‍. ശ്രീലതാ വര്‍മ്മ said...

നന്ദി, ശശീ .