Wednesday, February 16, 2011

പാതാളം


പുറത്താരോ പതുങ്ങുന്നു
ഇരുള്‍ മെല്ലെയനങ്ങുന്നു
തുറന്നിട്ട ജനല്‍പ്പാതി-
പ്പഴുതിലൂടരൂപമായ് 
ചലിക്കുമാ നിഴല്‍ കാണാം,
ചിതറും പോലിടയ്ക്കിടെ.
അകത്തു ഞാന്‍ തനിച്ചാണ്,
അകക്കാമ്പില്‍ ഭയമാണ്.
കിടുകിടെ വിറച്ചു ഞാന്‍ 
ഇടരിനാല്‍ തളരുന്നു.
തുടിക്കുന്ന ചങ്കിലാരോ 
കൊടും ഭേരി മുഴക്കുന്നു
ദഹിപ്പിക്കും തണുപ്പിനാല്‍
ദേഹമെല്ലാം മരയ്ക്കുന്നു
ദാഹനീരു തിരഞ്ഞെന്റെ
പ്രാണനാളം പിടയുന്നു
ഉറക്കെയായ് വിളിക്കുവാന്‍
ശ്രമിക്കുമ്പോള്‍,തൊണ്ട തന്നില്‍
നീരുവറ്റും നിലവിളികള്‍ 
നിസ്സഹായം അമരുന്നു
ദൈവനാമം മനസ്സിലായ്‌
പലവുരു ജപിക്കുന്നു
രക്ഷയെങ്ങ്,രക്ഷയെങ്ങ്,
ജപത്തിലോ,തപത്തിലോ?
പാതാളം പടവു തീര്‍ക്കും 
പാതിരാവും ഒടുങ്ങാനായ്
പുറത്തൊരാള്‍ ,അകത്തു ഞാന്‍ 
നിലയിന്നും തുടരുന്നു.

Wednesday, February 2, 2011

ധൂര്‍ത്ത്


സ്വപ്നശതങ്ങള്‍ തൂങ്ങിമരിച്ച
മരക്കൊമ്പുകള്‍ക്ക്
ഇന്നും യൌവനമാണ്
ചിന്തകള്‍ കുഴിച്ചുമൂടിയ
മണ്ണില്‍ വളര്‍ന്നു പടര്‍ന്ന
ചെടികള്‍
നിറയെ പൂവണിഞ്ഞിരിക്കുന്നു.
നെറ്റിയില്‍ തറച്ച ആണിയുമായി
ഭ്രാന്ത്,അതിന്റെ
ദേശാടനം തുടരുന്നു.
വേദനകളില്ല.
ധര്‍മ്മം ഇല്ല;അതിനാല്‍ ധാര്‍മ്മികരോഷവും.
അളന്നും മുറിച്ചും
അവരവരെ ഭുജിച്ചും
അവരവരില്‍ ജീവിക്കുന്നു.
ലോകത്തോളം വലുതായ
ഒരു കണ്ണാടിയില്‍
സ്വന്തം രൂപം മാത്രം പ്രതിഫലിച്ച്
കാണുന്നതായി സങ്കല്പിച്ച്
സായുജ്യമടയുന്നു
ഇനി,വീണ്ടെടുപ്പുകളില്ല.
ഒരു വെള്ളപ്പൊക്കത്തിന്റെ
വക്കിലിരുന്നും
മുഖം മിനുക്കുന്നതെങ്ങനെ
എന്നു പഠിക്കുക,അത്ര മാത്രം!

Wednesday, January 19, 2011

ഓരോ മഴയും

കടലിന്റെ ദാഹം തീര്‍ക്കാന്‍
ഏതെങ്കിലും മഴയ്ക്ക് കഴിഞ്ഞിട്ടുണ്ടോ?
വേഴാമ്പലിന്റെ സങ്കടങ്ങള്‍
തീര്‍ത്തുകൊടുത്ത മഴ ഏതാണ്?
കടലിന്റെ നിരാശയായും
വേഴാമ്പലിന്റെ പ്രതീക്ഷയായും
പെയ്യുന്നത് വേറെ മഴകളാണ്.
മഴ വന്നതില്‍പ്പിന്നെ
മരച്ചില്ലകളില്‍ തിളങ്ങിയ
നക്ഷത്രങ്ങള്‍ക്കെല്ലാം
ഒരു ഒളിച്ചുവച്ച പുഞ്ചിരി
സ്വന്തമായിരുന്നു.
പച്ചയില്‍  വരച്ച പ്രണയത്തിന്
നക്ഷത്രങ്ങള്‍ കൊണ്ടലങ്കാരം.
നീയും ഞാനും ഞാനും നീയും
എന്ന വായ്ത്താരി
മഴത്താളത്തില്‍
വെറുതെ നെയ്തെടുക്കുമ്പോഴും അറിയാം,
നിന്റെ മഴയും എന്റെ മഴയും
ഒരിക്കലും ഒന്നല്ലെന്ന്,
നമ്മള്‍ ഒന്നിച്ച്
ഒരേ മഴ
ഒരിക്കലും നനഞ്ഞിട്ടില്ലെന്ന്.
സ്നേഹം കിട്ടാതെ മരിച്ചവര്‍ക്കു വേണ്ടി
സ്മാരകങ്ങള്‍ പണിയാന്‍
മഴയ്ക്കേ കഴിയൂ
ആ സ്മാരകങ്ങളിലാകട്ടെ
മഴ
ഒരിക്കലും പെയ്തു തോരുകയുമില്ല.

Wednesday, January 5, 2011

ഒരു കവിത കൂടി


ഒരു കവിത കൂടി
കുറിച്ച് വയ്ക്കുന്നു
നിറുകയിലാരോ
കരങ്ങള്‍ ചേര്‍ത്തപോല്‍
ഒരു വരി വീണ്ടും
ഉദിച്ചുയരുന്നു
ഇളകും കാറ്റുകള്‍
പതുക്കെ വന്നെന്റെ
മനസ്സ് തൊട്ടൊന്നു
തലോടിപ്പോകുന്നു.
തരളമായ് ഏറ്റം
ദയാര്‍ദ്രമായെന്റെ
തളര്‍ന്ന പ്രജ്ഞയില്‍
തണുപ്പ് നല്‍കുന്നു.
ഹരിതമാണ്,എങ്ങും,
കുളിര്‍മരങ്ങളും
നിറയെപ്പൂക്കളും
തളിര്‍ സുഗന്ധവും
തുടര്‍ന്നിടട്ടെയീ
വസന്തമാം ഋതു
ഇടവിടാതെ എന്‍
കവിതയില്‍ എന്നും!
വെറുതെ എങ്കിലും
നിറഞ്ഞു മോഹിപ്പൂ,
പകുതി രാജ്യമോ
മനസ്സാം രാജ്യത്തില്‍?
ഇരുണ്ട കാലത്തിന്‍
കരള്‍ പിളര്‍പ്പുകള്‍
ഇനിയുമെത്ര ഞാന്‍
പകുത്തു വയ്ക്കണം,
കവിതയില്‍ തെല്ല്,
കരളിലും തെല്ല്,
അതിലും തെല്ലിങ്ങു
പകച്ച വാഴ്വിലും!
വഴികള്‍ നീണ്ടതാം,
ഇരുളിയന്നതാം,
ചെറിയ കൈത്തിരി-
കവിത-നീട്ടി ഞാന്‍
നട തുടരുന്നു,
അമേയമായിടും
കനിവിനാല്‍ ഇന്നും
നട തുടരുന്നു.

Monday, December 13, 2010

ആര്‍ദ്രം

ഓര്‍മകള്‍ക്കപ്പുറം 
അലസമായി പാറുന്ന 
ഒരു ജാലകവിരി 
ഇളം മഞ്ഞു പുരണ്ടിട്ടും
തെളിഞ്ഞു മിന്നുന്ന
ഒരു നക്ഷത്രം
നിത്യമായ ഒരു 
സന്ദേശമായി സ്നേഹം
അലങ്കൃതമായ 
ഒരു മരച്ചില്ല
അരുമയായ
ഒരു പുല്‍ക്കൂട്‌
പിറക്കാനിരിക്കുന്ന
ഓര്‍മകളുടെ 
ഒരേ ഒരു മനസ്സ് 
കാലത്തിന്റെ 
അറ്റുപോകാത്ത ഓര്‍മക്കൊളുത്ത്
തൂവല്‍ത്തുന്പിലെ 
വാക്കിന്‍ തുടര്‍ച്ച
എങ്കിലും ഡിസംബര്‍,
തീര്‍ന്നില്ല,തുടങ്ങിയുമില്ല
എന്ന മട്ടില്‍
അലിവാര്‍ന്ന പ്രലോഭനങ്ങളോടെ 
എന്റെ ഹൃദയത്തുടിപ്പുകളെ 
നിന്‍ പദതാളമാക്കി 
മാറ്റുന്നതെന്തിനായി?
  

Friday, December 3, 2010

ഇനിയും

കീ ബോര്‍ഡില്‍
താളം തുള്ളുന്ന
നിന്റെ വിരലുകളായിരുന്നു,
ഇന്നലെ സ്വപ്നത്തില്‍ .
അവയുടെ സൂക്ഷ്മത
ഇപ്പോഴും ഞാന്‍
കരുതി,കാത്തുവച്ചിരിക്കുകയാണ്.
പക്ഷേ,കുറച്ചുകാലമായി
ഒരു സന്ദേശവും നീ അയയ്ക്കുന്നില്ല;
അതുപോലെ ഞാനും.
ഫേസ് ബുക്കില്‍
പണ്ടെന്നോ നീ പങ്കിട്ട
ഒരു ദൃശ്യത്തോടുള്ള
ഇഷ്ടം രേഖപ്പെടുത്തണമെന്ന്
അന്ന് വിചാരിച്ചിരുന്നു.
പക്ഷേ,വേണ്ടെന്നു വച്ചു.
ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല.
കാലം പുറന്തള്ളിയ
വാക്കുകള്‍ പോലെ,
കാണാപ്പുറങ്ങളിലെ കവിത പോലെ,
വിസ്മയം വിടര്‍ത്തുന്ന
ഒരു സന്ദേശം
ഇന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ആ സന്ദേശത്തിന്റെ തണലില്‍
അവിരാമം വിശ്രമിക്കുമ്പോള്‍
തണുപ്പുള്ള,തിളങ്ങുന്ന
ഒരു മേഘവും
എനിക്കരികില്‍ കാണും.