Friday, April 15, 2011

നിരന്തരം



കണ്ണുകള്‍ അസാധാരണമാംവിധം
വന്യമാക്കി
എന്റെ മുന്നിലിരുന്ന്
നിങ്ങള്‍ ഇങ്ങനെ
തറവാട്ടുമഹിമയും വംശാവലിയും
പറയാതിരിക്കൂ.
ഞാന്‍ തിരയുന്നത്
മനുഷ്യനെയാണ്‌.
മനുഷ്യന്‍ എവിടെ?
നിങ്ങളുടെ ഇടയില്‍ എവിടെ?
ഇപ്പോള്‍ ,എനിക്ക്
അല്പം ഏകാന്തത വേണം,
ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററില്‍
ഒറ്റയ്ക്കിരുന്ന്
ഏതെങ്കിലും ദുരന്തനാടകം കാണണം.
അല്ലെങ്കില്‍,
ഒറ്റപ്പെട്ടു നില്‍ക്കുന്ന
ഒരു മരത്തിന്റെ ചുവട്ടിലിരുന്ന്
ഏതെങ്കിലും പഴയപാട്ടിന്റെ
വരികള്‍ ഓര്‍ക്കണം.
ഒന്നു ഞാന്‍ പറയാം,
യാതൊന്നും എന്നെ വേദനിപ്പിക്കുന്നില്ല;
എങ്കിലും വേദന
എനിക്കു ചുറ്റും ഒരു കടല്‍ തീര്‍ത്തിട്ടുണ്ട്.
ഒന്നും എന്നെ നിരാശപ്പെടുത്തുന്നില്ല;
എങ്കിലും നിരാശ
എന്നിലേക്ക് ഒരു തുരങ്കം പണിഞ്ഞിട്ടുണ്ട്.
പരാജയങ്ങള്‍ക്കായി
ഞാന്‍ ആഗ്രഹിക്കാറില്ല ;
എങ്കിലും ,
സുഗമമായ ഒരു നടപ്പാതയിലൂടെ
പരാജയം എന്നിലേക്ക് വന്നുചേരുന്നുണ്ട്.
ഇങ്ങനെയെല്ലാമായിട്ടും
ഇപ്പോഴും ഞാന്‍
ജീവിതം തുടരുന്നു.
ഇതാണെന്റെ വലിയ വിസ്മയം.

5 comments:

naakila said...

ഇങ്ങനെയെല്ലാമായിട്ടും
ഇപ്പോഴും ഞാന്‍
ജീവിതം തുടരുന്നു.
ഇതാണെന്റെ വലിയ വിസ്മയം

ടീച്ചര്‍ ഭാഷയിലും ശൈലിയിലും ഒരു സ്വാഗതാര്‍ഹമായ വ്യതിരിക്തത അനുഭവപ്പെടുന്നു
നല്ല കവിത
ആശംസകളോടെ

ശ്രീനാഥന്‍ said...

വെറും മനുഷ്യനെക്കാണാൻ. ആലഭാരങ്ങൾ ഒഴിഞ്ഞ്. പക്ഷേ, അതു തന്നെയൊരു ദുരന്തനാടകമായിരിക്കും. കവിത നന്നായി.

അനില്‍കുമാര്‍ . സി. പി. said...

"ഇങ്ങനെയെല്ലാമായിട്ടും
ഇപ്പോഴും ഞാന്‍
ജീവിതം തുടരുന്നു.
ഇതാണെന്റെ വലിയ വിസ്മയം." !!!

നികു കേച്ചേരി said...

തുടരട്ടെ വരികളിലൂടെയുള്ള ജീവിതം..
ആശംസകൾ.

ആര്‍. ശ്രീലതാ വര്‍മ്മ said...

നന്ദി,അനീഷ്‌,ശ്രീനാഥന്‍,അനില്‍ കുമാര്‍,നികു......