
പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്ക്
സരളമായൊരു പരിണാമം
എന്ന് ആര്‍ക്കും കരുതാം.
ഏകാന്തതയില്‍ ,
പുഴു അതിജീവിക്കുന്ന
മോഹങ്ങളുടെ മഹാസമുദ്രങ്ങളോ ,
സരളമല്ല അവ ;തീരെ.
കൊഴിഞ്ഞു വീഴുന്ന
ഇലയുടെ നിശ്വാസം കേള്‍ക്കാതെ ,
മണലിന്റെ ദാഹവും
മഴത്തരിപ്പും അറിയാതെ ,
പകലോ , രാത്രിയോ ,
വെയിലോ , നിലാവോ
എന്ന് സന്ദേഹിക്കാന്‍ പോലും
പഴുതുകളില്ലാതെ
മൗനത്തിന്റെ നെടുംകടല്‍
പതുക്കെ കടക്കണം .
നിദ്രയുടെ മായാവലയം
മൃദുവായി ഭേദിക്കണം .
ഉണര്ച്ചയില് ,
ചിറകു നീര്‍ത്താന്‍
പിടഞ്ഞുനില്ക്കുന്ന
സര്‍ഗചേതനയില്‍ ,
വാരിവിതറിയ മഴവില്‍നിറങ്ങള്‍
കണ്ടും, കാണാതെയും
അപൂര്‍ണതയിലേക്ക്
അനന്തമായി യാത്രചെയ്യുകയും വേണം.
5 comments:
ഈ കവിത ഇഷ്ട്ടപ്പെട്ടു. പലവട്ടം വായിച്ചു. വൃത്തം പോര എന്നും കൂട്ടത്തില്‍ പറയട്ടെ.
‘പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നത്’ , സർഗ്ഗയാത്ര -ക്ലേശകരം തന്നെ.അതിജീവിക്കുന്ന
മോഹങ്ങളുടെ മഹാസമുദ്രങ്ങളോ വിപുലവും. കവിതയുടെ പരമപദത്തിലേക്ക് എങ്കിലും പ്രയാണം തുടരുക. ആശംസകൾ!
സര്‍ഗചേതനയില്‍ ,
വാരിവിതറിയ മഴവില്‍നിറങ്ങള്‍
കണ്ടും, കാണാതെയും
അപൂര്‍ണതയിലേക്ക്
അനന്തമായി
സരളമെന്ന് നാം കരുതുന്ന പലതും അതിജീവനത്തിന്റെ മഹാസമുദ്രങ്ങളാണല്ലോ വരച്ചിടുന്നത്. വാക്കുകള്‍ കൊണ്ട് കവിയും. വൃത്തത്തിന്റെ ആവരണം ഈ കവിതയ്ക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
അഭിപ്രായങ്ങള്‍ അറിയിച്ച സുഹൃത്തുക്കള്‍ക്ക് ഹൃദയപൂര്‍വം നന്ദി പറയുന്നു.
Post a Comment