Thursday, September 1, 2011

വീടുകള്‍


ജനിച്ചു വളര്‍ന്ന നഗരത്തില്‍
എനിക്കൊരു വീടുണ്ടായിരുന്നു
പക്ഷേ, ഇപ്പോഴത് എന്റേതല്ല
മലയും പുഴയും കിളികളുമുള്ള
ഒരു ഗ്രാമവും ,
അവിടെ പുഴക്കരയില്‍ ഒരു വീടും
എന്റെയൊരു
കാല്‍പനിക - ഗൃഹാതുര സങ്കല്പമായിരുന്നു കുറെനാള്‍.
പിന്നെയെന്നോ
അതും നിറംകെട്ടു .
മാറി മാറി വന്ന വാടകവീടുകള്‍
നിര്‍വികാരതയുടെ ഹിമശൈലങ്ങള്‍
ഒരിക്കലും ഉരുക്കിത്തീര്‍ക്കാതെ.....
അവ അടുക്കിവൃത്തിയാക്കാനോ
അലങ്കരിച്ചുവയ്ക്കാനോ
ഞാന്‍ ഇഷ്ടപ്പെട്ടതേയില്ല
അതുകൊണ്ട് ആ വീടുകള്‍
എല്ലാക്കാലവും അലങ്കോലപ്പെട്ടുകിടന്നു,
എന്റെ ജീവിതം പോലെ!
മുകളില്‍ ആകാശം,താഴെ ഭൂമി, എന്നും
മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല, എന്നും
ആവര്‍ത്തിച്ച്
ഭാവനരാഹിത്യത്തില്‍ ചില സമാനതകള്‍
കാണാനും ആശ്വസിക്കാനും ശ്രമിച്ചെങ്കിലും
ഫലമുണ്ടായില്ല.
ഇപ്പോള്‍,
മണ്ണുകൊണ്ട് ഒരു വീട് നിര്‍മ്മിച്ച്
എന്നെ അതില്‍ കുടിയിരുത്താനുള്ള
ശ്രമത്തിലാണ് ഞാന്‍.

4 comments:

ശ്രീനാഥന്‍ said...

കവികളൊക്കെ ഇങ്ങനെ യാഥാർത്ഥ്യബോധമുള്ളവരായി മാറിയാൽ എന്തു ചെയ്യും? നല്ല കവിത.

PD Amaldev Mizhipakarppukal said...

nannayittunde... kureyere ormakal oodivarunnu... nice...

Bob Parapurath said...

മനോഹരമായിട്ടുണ്ട്.
വായനക്കാരെ രസിപ്പിക്കാന്‍ കഴിയിന്നതിലുപരി മറ്റെന്താണ് കവിതയ്ക്ക് ചെയ്യാനുള്ളത്.
കളകളാരാവതോടെ ഒഴുകുന്ന കൊച്ചു തോടുകളും,
പച്ച നിറത്തില്‍ പരന്നു കിടക്കുന്ന നെല്‍വയലും...
ആ നെല്ചെടികളെ തഴുകി വരുന്ന തണുത്ത കാറ്റും കൊണ്ട് നേര്‍ത്ത വരമ്പിലൂടെ നടന്നു ചെല്ലുമ്പോള്‍..
പ്ലാവും മാവും പേരയും തെങ്ങും കവുങ്ങും
ശീമക്കൊന്നയും കുറുന്തോട്ടിയും കറുകപ്പുല്ലും
ഇരുംമ്ബന്‍പുളിയും നാരകവും
ഒക്കെയുള്ള പറമ്പിന്റെ നടുക്ക്

ചാണകം മെഴുകിയ മുറ്റവും
എന്നും വിളക്ക് വെക്കുന്ന തുളസിത്തറയും ഉള്ള ഓടിട്ട, കുമ്മായം തേച്ച,
മരത്തിന്റെ തട്ടുള്ള ഒരു വീട്.

"വാടകവീടുകളിലേക്ക്" പോകുന്നതിനു മുന്‍പ്
ഞാനാ പഴയ ഓര്‍മകളില്‍ അല്പം അഭിരമിക്കട്ടെ..

ആര്‍. ശ്രീലതാ വര്‍മ്മ said...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, സ്നേഹം.