Monday, August 15, 2011

ചുവരെഴുത്ത്


ഈ ചുവരുകള്‍ പറഞ്ഞതെല്ലാം സത്യം.
ഇവയിലെ എഴുത്ത് ചരിത്രപാഠം.
ചുവരില്ലാതെ ചിത്രമില്ല
എന്നത് ജീവിതപാഠം.
ചരിത്രവും വര്‍ത്തമാനവും
സന്ധിചെയ്തിടത്തുനിന്ന്
കവിത
അതിന്റെ പ്രയാണവും തുടങ്ങി.
ഒന്നും മറയ്ക്കാതെ
എന്നും സത്യനിര്‍ഘോഷണം,
ഏവര്‍ക്കും സന്തോഷം.
എങ്കിലുമൊരു ചുവരുണ്ട്,
ഒന്നും എഴുതപ്പെടാത്തതായി.
നാവും എഴുത്തും നഷ്ടപ്പെട്ടവന്റെ
വാക്കും പൊരുളും
നിശ്ശബ്ദമായി വിളിച്ചുപറയുന്ന
ഒരു ചുവര്.
അതുള്‍ക്കൊള്ളുന്ന കവിതയുടെ തിളക്കത്തെ
കണ്‍പാര്‍ക്കാന്‍ കാലത്തിനും കഴിയില്ല.

Thursday, August 4, 2011

അനാത്മം


ഉടലുകൊണ്ടും ഉയിരുകൊണ്ടും
എത്ര ആവിഷ്കരിച്ചാലും
തീരാത്ത കവിത - നീ
ഇത്രയ്ക്കേ ഉള്ളൂ എന്ന്
ഒരിക്കലും മതിവരാത്ത
ലഹരി , ഉന്മാദം - അതും നീ .
നീയില്ലാതെ
സൂര്യനും ഗോളങ്ങളും
രാപ്പകലുകളും
ഞാനും
ഒന്നുമില്ലെന്ന് ,
ഇത്രയ്ക്ക് നെഞ്ചകം കീറിയിട്ടില്ലൊന്നിലും.
വെയിലിന്‍ തന്തുക്കള്‍ കീറി
മഴനാരുകള്‍ പിന്നി
മഞ്ഞുകണങ്ങളായ്‌ തൂവി
വസന്തസ്വപ്നങ്ങളായ് മിന്നി
ദ്വീപുകളുടെ മൂകതയും
പവിഴപ്പുറ്റുകളുടെ ആത്മഹര്‍ഷവും
പകര്‍ന്ന്‌
എന്നില്‍ നീ ഉയിര്‍ക്കൊണ്ട നാളില്‍
മാഞ്ഞുമാഞ്ഞില്ലാതെയായ് ഞാന്‍.

Wednesday, July 20, 2011

പ്രകാശധാര


എന്റെ കണ്ണീരിനും വിയര്‍പ്പിനും ചോരയ്ക്കും
നീ ഒരിക്കലും അവകാശിയല്ല.
വിധിപറച്ചിലിന്റെ അന്ത്യദിനത്തില്‍
കനകസൂര്യന്റെ തിളങ്ങും രശ്മികള്‍
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന
അവസാനത്തെ കഴുകനും
കരിഞ്ഞു ഭസ്മമായിക്കഴിയുമ്പോള്‍ ,
വിധികര്‍ത്താവായ നീ
അന്ധനായിച്ചമയും.
നിന്റെ അന്ധത
ലോകം ആഘോഷിക്കുമ്പോള്‍ ,
ഞാന്‍ എന്റെ യാത്ര തുടരും,
പതറാതെ,
ഒരു തുള്ളി കണ്ണീരുപോലും
നിനക്കായി എറിഞ്ഞുതരാതെ.

Wednesday, July 6, 2011

അചിരം


പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്ക്
സരളമായൊരു പരിണാമം
എന്ന് ആര്‍ക്കും കരുതാം.
ഏകാന്തതയില്‍ ,
പുഴു അതിജീവിക്കുന്ന
മോഹങ്ങളുടെ മഹാസമുദ്രങ്ങളോ ,
സരളമല്ല അവ ;തീരെ.
കൊഴിഞ്ഞു വീഴുന്ന
ഇലയുടെ നിശ്വാസം കേള്‍ക്കാതെ ,
മണലിന്റെ ദാഹവും
മഴത്തരിപ്പും അറിയാതെ ,
പകലോ , രാത്രിയോ ,
വെയിലോ , നിലാവോ
എന്ന് സന്ദേഹിക്കാന്‍ പോലും
പഴുതുകളില്ലാതെ
മൗനത്തിന്റെ നെടുംകടല്‍
പതുക്കെ കടക്കണം .
നിദ്രയുടെ മായാവലയം
മൃദുവായി ഭേദിക്കണം .
ഉണര്‍ച്ചയില്‍ ,
ചിറകു നീര്‍ത്താന്‍
പിടഞ്ഞുനില്‍ക്കുന്ന
സര്‍ഗചേതനയില്‍ ,
വാരിവിതറിയ മഴവില്‍നിറങ്ങള്‍
കണ്ടും, കാണാതെയും
അപൂര്‍ണതയിലേക്ക്
അനന്തമായി യാത്രചെയ്യുകയും വേണം.

Wednesday, June 22, 2011

വൃത്തം - വൃത്താന്തം


ഒരു ബിന്ദുവില്‍ തുടക്കം
അതിലാകും ഒടുക്കം
ഒരു വൃത്തമങ്ങനെ തീരും.
വഴിയില്‍ നിവര്‍ച്ച വേണ്ട ;
വളവില്‍ വേണം
ശ്രദ്ധയെല്ലാം.
പത്തിലൊന്ന്
എന്ന കണക്കിലായാല്‍പ്പോലും
ഇല്ല, പകരാനായിട്ടില്ല,ഇതേവരെ ,
അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍.
ഇലകളറ്റ മരം പോലെ ഈ വൃത്തവും.
എങ്കിലും,
വരയ്ക്കാതെ വയ്യ,
മൈതാനവിസ്തൃതി സ്വപ്നംകണ്ടുകിടക്കുന്ന
ഇടുങ്ങിയ വഴികളിലൂടെ
ഒത്തുതീര്‍പ്പുകളുടെ കടന്നല്‍ക്കുത്തേറ്റ്
ഞൊണ്ടിനീങ്ങാതെ വയ്യ.

Thursday, June 9, 2011

വിഘടനം


പ്രചണ്ഡമായ ശബ്ദങ്ങള്‍
അഴിച്ചുവിട്ട്‌
എനിക്കു നേരെ
നീ പടുത്തുകെട്ടിയ
സംഹാരത്തിന്റെ കോട്ടകള്‍
എണ്ണിയാല്‍ തീരുകയില്ല.

സംഗ്രാമങ്ങളുടെ ശൈത്യവും
ഗ്രീഷ്മവും നിന്നില്‍ നിന്നാണ്
പിറവിയെടുത്തിരിക്കുന്നത്.
തൊഴുകൈ,പൊത്തിയ വായ,
വളഞ്ഞ നട്ടെല്ല്,കുനിഞ്ഞ തല
ഇവയുമായി ഞാന്‍ നില്‍ക്കുകയോ,
നിലത്തിഴയുകയോ?
അഥവാ, നിനക്കു ചവിട്ടാന്‍ പാകത്തില്‍
പണ്ടാരോ തീര്‍ത്തതെന്ന്
എന്റെ ജന്മം
സ്വയം ഒരു സാദൃശ്യകല്പന
നെയ്തെടുക്കുകയോ?

ചില സാദൃശ്യങ്ങള്‍ക്കുള്ളില്‍
വ്യത്യാസങ്ങളും കാണും.
അവ, പക്ഷേ, എല്ലാവരും
കണ്ടെന്നു വരില്ല.
അതുകൊണ്ട്,
ഭൂമി പിളരാനും,
പിളര്‍പ്പിലേക്ക് വീണു മറയാനും
ആഗ്രഹിക്കാറുണ്ടെങ്കിലും
ഒരിക്കലും ഞാന്‍ സീതയല്ല.
രാമന്‍ എന്നെങ്കിലും വരും
എന്നോര്‍ത്ത്
രാവണന്റെ അധികാരപരിധിയിലിരുന്ന്
കണ്ണീര്‍ വാര്‍ക്കാന്‍
ആര്‍ക്കാണ് കഴിയുക?

രാമന്‍,രാവണന്‍ -ആരും മെച്ചമൊന്നുമല്ല.
'രാ' യില്‍ തുടങ്ങി 'ന്‍' ല്‍
അവസാനിക്കുന്നു
എന്നതില്‍ എന്ത് മെച്ചം?
ഇപ്പോള്‍,
ഞാന്‍ കാണുന്നതു പ്രകാരം,
ചുരുട്ടിപ്പിടിച്ച കൈയും
നിവര്‍ന്ന തലയുമായി
മിക്കവാറും ഒടുവിലത്തേതാകാവുന്ന
ഒരു മഹാസംഗരത്തില്‍
പടനയിക്കുന്നയാള്‍  
രാമനല്ല,രാവണനുമല്ല, ഞാനാണ്.

Saturday, May 28, 2011

സ്വത്വം


ശിരസ്സില്‍ കനല്‍ക്കിരീടം
നെറ്റിയില്‍ പുഷ്പമുദ്രയായി
തിളങ്ങുന്ന ചെന്തിലകം
മുരിക്കിന്‍ പൂവിനെ
വെല്ലുന്ന ചുവപ്പ്,
കണ്ണുകളില്‍ .
ചുണ്ടുകളില്‍
രക്തപാനത്തിന്റെ
ചുവപ്പ്.
കൈകളില്‍ ശാപമുദ്ര.
ചെമ്പട്ട് , നിന്റെ വസ്ത്രം.
നീ  നോക്കുമ്പോള്‍
പാമ്പിന്റെ പടം പൊഴിയുന്നതുപോലെ
എന്റെ തൊലി
ശരീരം വെടിഞ്ഞ്‌
എനിക്കു ചുറ്റും
ഇതാ, ഊര്‍ന്നുവീഴുന്നു.
എന്റെ മാംസം
വെന്തുപുകയുകയും
അസ്ഥികള്‍
ഉരുകിയൊലിക്കുകയും
ചെയ്യുന്നു.
നിനക്കു മുന്നില്‍
അടിയറ വയ്ക്കാന്‍
എനിക്ക് ഞാനില്ല ,
ഇനി,
നീ മാത്രം, നീ മാത്രം.