Thursday, September 15, 2011

കാഴ്ച


വിലക്കുകളില്‍ സ്വയം അടയാളപ്പെടുത്തി
വിയോജിപ്പുകളുടെ തത്വശാസ്ത്രങ്ങളോട്
വിടപറഞ്ഞ് ,
സമരസപ്പെടലിന്റെ കലയിലാണ്
ഇപ്പോഴെന്റെ പരിശീലനം.
കണ്ട്‌ തൃപ്തിയടയേണ്ടവര്‍
വരിവരിയായി
വന്നുപോകട്ടെ.

Thursday, September 1, 2011

വീടുകള്‍


ജനിച്ചു വളര്‍ന്ന നഗരത്തില്‍
എനിക്കൊരു വീടുണ്ടായിരുന്നു
പക്ഷേ, ഇപ്പോഴത് എന്റേതല്ല
മലയും പുഴയും കിളികളുമുള്ള
ഒരു ഗ്രാമവും ,
അവിടെ പുഴക്കരയില്‍ ഒരു വീടും
എന്റെയൊരു
കാല്‍പനിക - ഗൃഹാതുര സങ്കല്പമായിരുന്നു കുറെനാള്‍.
പിന്നെയെന്നോ
അതും നിറംകെട്ടു .
മാറി മാറി വന്ന വാടകവീടുകള്‍
നിര്‍വികാരതയുടെ ഹിമശൈലങ്ങള്‍
ഒരിക്കലും ഉരുക്കിത്തീര്‍ക്കാതെ.....
അവ അടുക്കിവൃത്തിയാക്കാനോ
അലങ്കരിച്ചുവയ്ക്കാനോ
ഞാന്‍ ഇഷ്ടപ്പെട്ടതേയില്ല
അതുകൊണ്ട് ആ വീടുകള്‍
എല്ലാക്കാലവും അലങ്കോലപ്പെട്ടുകിടന്നു,
എന്റെ ജീവിതം പോലെ!
മുകളില്‍ ആകാശം,താഴെ ഭൂമി, എന്നും
മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല, എന്നും
ആവര്‍ത്തിച്ച്
ഭാവനരാഹിത്യത്തില്‍ ചില സമാനതകള്‍
കാണാനും ആശ്വസിക്കാനും ശ്രമിച്ചെങ്കിലും
ഫലമുണ്ടായില്ല.
ഇപ്പോള്‍,
മണ്ണുകൊണ്ട് ഒരു വീട് നിര്‍മ്മിച്ച്
എന്നെ അതില്‍ കുടിയിരുത്താനുള്ള
ശ്രമത്തിലാണ് ഞാന്‍.

Monday, August 15, 2011

ചുവരെഴുത്ത്


ഈ ചുവരുകള്‍ പറഞ്ഞതെല്ലാം സത്യം.
ഇവയിലെ എഴുത്ത് ചരിത്രപാഠം.
ചുവരില്ലാതെ ചിത്രമില്ല
എന്നത് ജീവിതപാഠം.
ചരിത്രവും വര്‍ത്തമാനവും
സന്ധിചെയ്തിടത്തുനിന്ന്
കവിത
അതിന്റെ പ്രയാണവും തുടങ്ങി.
ഒന്നും മറയ്ക്കാതെ
എന്നും സത്യനിര്‍ഘോഷണം,
ഏവര്‍ക്കും സന്തോഷം.
എങ്കിലുമൊരു ചുവരുണ്ട്,
ഒന്നും എഴുതപ്പെടാത്തതായി.
നാവും എഴുത്തും നഷ്ടപ്പെട്ടവന്റെ
വാക്കും പൊരുളും
നിശ്ശബ്ദമായി വിളിച്ചുപറയുന്ന
ഒരു ചുവര്.
അതുള്‍ക്കൊള്ളുന്ന കവിതയുടെ തിളക്കത്തെ
കണ്‍പാര്‍ക്കാന്‍ കാലത്തിനും കഴിയില്ല.

Thursday, August 4, 2011

അനാത്മം


ഉടലുകൊണ്ടും ഉയിരുകൊണ്ടും
എത്ര ആവിഷ്കരിച്ചാലും
തീരാത്ത കവിത - നീ
ഇത്രയ്ക്കേ ഉള്ളൂ എന്ന്
ഒരിക്കലും മതിവരാത്ത
ലഹരി , ഉന്മാദം - അതും നീ .
നീയില്ലാതെ
സൂര്യനും ഗോളങ്ങളും
രാപ്പകലുകളും
ഞാനും
ഒന്നുമില്ലെന്ന് ,
ഇത്രയ്ക്ക് നെഞ്ചകം കീറിയിട്ടില്ലൊന്നിലും.
വെയിലിന്‍ തന്തുക്കള്‍ കീറി
മഴനാരുകള്‍ പിന്നി
മഞ്ഞുകണങ്ങളായ്‌ തൂവി
വസന്തസ്വപ്നങ്ങളായ് മിന്നി
ദ്വീപുകളുടെ മൂകതയും
പവിഴപ്പുറ്റുകളുടെ ആത്മഹര്‍ഷവും
പകര്‍ന്ന്‌
എന്നില്‍ നീ ഉയിര്‍ക്കൊണ്ട നാളില്‍
മാഞ്ഞുമാഞ്ഞില്ലാതെയായ് ഞാന്‍.

Wednesday, July 20, 2011

പ്രകാശധാര


എന്റെ കണ്ണീരിനും വിയര്‍പ്പിനും ചോരയ്ക്കും
നീ ഒരിക്കലും അവകാശിയല്ല.
വിധിപറച്ചിലിന്റെ അന്ത്യദിനത്തില്‍
കനകസൂര്യന്റെ തിളങ്ങും രശ്മികള്‍
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന
അവസാനത്തെ കഴുകനും
കരിഞ്ഞു ഭസ്മമായിക്കഴിയുമ്പോള്‍ ,
വിധികര്‍ത്താവായ നീ
അന്ധനായിച്ചമയും.
നിന്റെ അന്ധത
ലോകം ആഘോഷിക്കുമ്പോള്‍ ,
ഞാന്‍ എന്റെ യാത്ര തുടരും,
പതറാതെ,
ഒരു തുള്ളി കണ്ണീരുപോലും
നിനക്കായി എറിഞ്ഞുതരാതെ.

Wednesday, July 6, 2011

അചിരം


പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്ക്
സരളമായൊരു പരിണാമം
എന്ന് ആര്‍ക്കും കരുതാം.
ഏകാന്തതയില്‍ ,
പുഴു അതിജീവിക്കുന്ന
മോഹങ്ങളുടെ മഹാസമുദ്രങ്ങളോ ,
സരളമല്ല അവ ;തീരെ.
കൊഴിഞ്ഞു വീഴുന്ന
ഇലയുടെ നിശ്വാസം കേള്‍ക്കാതെ ,
മണലിന്റെ ദാഹവും
മഴത്തരിപ്പും അറിയാതെ ,
പകലോ , രാത്രിയോ ,
വെയിലോ , നിലാവോ
എന്ന് സന്ദേഹിക്കാന്‍ പോലും
പഴുതുകളില്ലാതെ
മൗനത്തിന്റെ നെടുംകടല്‍
പതുക്കെ കടക്കണം .
നിദ്രയുടെ മായാവലയം
മൃദുവായി ഭേദിക്കണം .
ഉണര്‍ച്ചയില്‍ ,
ചിറകു നീര്‍ത്താന്‍
പിടഞ്ഞുനില്‍ക്കുന്ന
സര്‍ഗചേതനയില്‍ ,
വാരിവിതറിയ മഴവില്‍നിറങ്ങള്‍
കണ്ടും, കാണാതെയും
അപൂര്‍ണതയിലേക്ക്
അനന്തമായി യാത്രചെയ്യുകയും വേണം.

Wednesday, June 22, 2011

വൃത്തം - വൃത്താന്തം


ഒരു ബിന്ദുവില്‍ തുടക്കം
അതിലാകും ഒടുക്കം
ഒരു വൃത്തമങ്ങനെ തീരും.
വഴിയില്‍ നിവര്‍ച്ച വേണ്ട ;
വളവില്‍ വേണം
ശ്രദ്ധയെല്ലാം.
പത്തിലൊന്ന്
എന്ന കണക്കിലായാല്‍പ്പോലും
ഇല്ല, പകരാനായിട്ടില്ല,ഇതേവരെ ,
അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍.
ഇലകളറ്റ മരം പോലെ ഈ വൃത്തവും.
എങ്കിലും,
വരയ്ക്കാതെ വയ്യ,
മൈതാനവിസ്തൃതി സ്വപ്നംകണ്ടുകിടക്കുന്ന
ഇടുങ്ങിയ വഴികളിലൂടെ
ഒത്തുതീര്‍പ്പുകളുടെ കടന്നല്‍ക്കുത്തേറ്റ്
ഞൊണ്ടിനീങ്ങാതെ വയ്യ.